അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് വീണതിന് ഉത്തരവാദി റഷ്യയാണെന്ന് എന്നതിൻ്റെ ആദ്യ സൂചനകൾ യുഎസ് കണ്ടെത്തിയാതി വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. ഇതു സംബന്ധിച്ച് കിർബി കൂടുതൽ വിശദീകരിച്ചില്ല, എന്നാൽ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് യുഎസ് സഹായം വാഗ്ദാനം ചെയ്തതായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാസ്പിയൻ കടലിന് കുറുകെ കസാക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിടുന്നതിന് മുമ്പ് ചെച്‌നിയയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനത്തിനു നേരെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വെടിയേറ്റതായി കരുതപ്പെടുന്നു. ഇതു സംബന്ധിച്ച്ക്രെംലിൻ പ്രതികരിക്കാൻ വിസമ്മതിച്ചു. മേഖലയിൽ ഉക്രേനിയൻ ഡ്രോൺ ആക്രമണങ്ങൾ കാരണം ചെച്നിയയിലെ സ്ഥിതി വളരെ സങ്കീർണ്ണമാണെന്ന് റഷ്യയുടെ സിവിൽ ഏവിയേഷൻ ഏജൻസിയുടെ തലവൻ പറഞ്ഞു.
അതേസമയം പുറത്തുനിന്നുള്ള എന്തിന്റെയോ ഇടപെടലുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അസർബയ്ജാൻ എയർലൈൻസ് വ്യക്തമാക്കി.
ക്രിസ്മസ് ദിനത്തിലാണ് അസർബയ്ജാന്റെ തലസ്ഥാനമായ ബാക്കുവിൽനിന്ന് റഷ്യൻ നഗരമായ ഗ്രോസ്നിയിലേക്കു പോയ എംബ്രയർ 190 വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമുൾപ്പെടെ 38 പേർ മരിച്ചു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അതിനിടെ, റഷ്യൻ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം വീണതെന്ന് ചൂണ്ടിക്കാട്ടി ചില സൈനികവിദഗ്ധർ രംഗത്തെത്തി. യുക്രൈൻറെ ഡ്രോൺ പറക്കുന്ന മേഖലയായതിനാൽ, ശത്രുവിന്റേതെന്നു സംശയിച്ച് വിമാനത്തിനുനേരേ റഷ്യ മിസൈലയച്ചതാണെന്നാണ് സംശയം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ, വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അസർബയ്ജാൻ പ്രസിഡന്റ് ഇൽഹം അലിയേവ് വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ മോശമായതിനാൽ വിമാനത്തിന് വഴിമാറ്റേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
Russia responsible for downing of Azerbaijan Airlines plane says US