യുഎസ് അംബാസഡറെ വിളിച്ചുവരുത്തി റഷ്യ; നീക്കം ആക്രമണത്തിന് യുക്രെയിൻ ഉപയോഗിച്ചത് അമേരിക്കയുടെ മിസൈലുകൾ എന്ന റിപ്പോർട്ടിന് പിന്നാലെ

റഷ്യൻ അധിനിവേശ ക്രിമിയയിൽ അടക്കം യുക്രെയിൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതിഷേധമറിയിക്കാൻ യുഎസ് അംബാസഡറെ വിളിച്ചു വരുത്തി റഷ്യ. അമേരിക്ക നൽകിയ മിസൈലുകളാണ് യുക്രെയിൻ ഉപയോഗിച്ചത് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് റഷ്യയുടെ നീക്കം. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 150 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

യുദ്ധത്തിൽ യുഎസ് യുക്രെയിനെ പിന്തുണയ്ക്കുന്ന കക്ഷിയായി മാറിയെന്ന് റഷ്യൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തീർച്ചയായും തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. അതേസമയം യുഎസിന്റെ ഭാഗത്തു നിന്നോ യുക്രെയിനിന്റെ ഭാഗത്തുനിന്നോ ഇതുവരെ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

യുക്രെയിൻ സൈന്യം നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 4 പേർ കൊല്ലപ്പെട്ടെന്ന് റഷ്യ അറിയിച്ചിരുന്നു. റഷ്യൻ അധിനിവേശ മേഖലയിലെ സേവസ്റ്റോപോൾ തുറമുഖനഗരത്തിൽ യുക്രെയിൻ നടത്തിയ മിസൈലാക്രമണത്തിൽ കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുഎസ് നിർമിതമായ 5 മിസൈലുകളിൽ 4 എണ്ണം റഷ്യൻ സേന വെടിവച്ചിട്ടു. ഒരെണ്ണം അന്തരീക്ഷത്തിൽ പൊട്ടിച്ചിതറിയെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, യുക്രെയിൻ അതിർത്തിയിലെ റഷ്യയുടെ ബെൽഗോറോഡ് മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 3 പേർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം യുക്രെയിൻ നഗരമായ ഹർകീവിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.