മോസ്കോ: ലോകത്തെ ഏറ്റവും വലിയ ആണവ ശക്തിയുടെ അമരത്ത് ആറ് വർഷം കൂടി വ്‌ളാഡിമിർ പുടിൻ തുടരുമെന്ന് ഉറപ്പ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന റഷ്യയിലെ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. ആദ്യദിനമായ വെള്ളിയാഴ്ച രാജ്യത്തെ 11 മേഖലകളിൽ റഷ്യക്കാർ വോട്ട് രേഖപ്പെടുത്തി. ഉക്രൈന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത റഷ്യൻനിയന്ത്രിതപ്രദേശങ്ങളിലും വോട്ടെടുപ്പുണ്ട്.
നിക്കോളായ് ഖരിതൊണോവ് (കമ്യൂണിസ്റ്റ് പാർട്ടി), ലിയോണിഡ് സ്ലട്‌സ്കി(ലിബറൽ ഡെമോക്രാറ്റിക് പാർട്ടി), വ്ളാദിസ്ലാവ് ദവാൻകോവ് (ന്യൂ പീപ്പിൾ പാർട്ടി) എന്നിവരാണ് തിരഞ്ഞെടുപ്പിൽ പുടിന്റെ എതിരാളികൾ.
മേയിലാണ് ഫലപ്രഖ്യാപനം. പ്രസിഡന്റ് പുടിന്റെ അഞ്ചാംഭരണം ഉറപ്പാക്കുന്നതാണ് തിരഞ്ഞെടുപ്പ്. തുടർഭരണം നേടുന്നതോടെ ജോസഫ് സ്റ്റാലിനുശേഷം ഏറ്റവും കൂടുതൽക്കാലം(30 വർഷം) റഷ്യ ഭരിക്കുന്ന നേതാവെന്ന ഖ്യാതിയും 71-കാരനായ പുടിൻ സ്വന്തമാക്കും. 2030 വരെയാണ് ഭരണകാലയളവ്.
വോട്ടവകാശം വിനിയോഗിക്കണമെന്നും അത് ദേശത്തോടുള്ള ഭക്തിയുടെ പ്രകടനമാണെന്നും റഷ്യക്കാരോട് വ്യാഴാഴ്ച പുടിൻ അഭ്യർഥിച്ചു. 11.23 കോടി വോട്ടർമാരാണ് റഷ്യയിലുള്ളത്. വോട്ടവകാശമുള്ള 19 ലക്ഷം റഷ്യക്കാർ വിദേശത്താണ്. 2018-ലെ തിരഞ്ഞെടുപ്പിൽ 67.5 ശതമാനമായിരുന്നു പോളിങ്.