മോസ്കോ: അമേരിക്കയിലേക്കോ മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കോ നിലവിലെ സാഹചര്യത്തിൽ യാത്രചെയ്യരുതെന്ന് റഷ്യ രാജ്യത്തെ പൗരർക്ക് മുന്നറിയിപ്പ് നൽകി. യുക്രൈൻ യുദ്ധത്തെ തുടർന്ന് അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരർ വേട്ടയാടപ്പെട്ടേക്കാമെന്ന് റഷ്യയുടെ വിദേശമന്ത്രാലയത്തിന്റെ പ്രതിനിധി മരിയ സാഖറോവ അറിയിച്ചു. സമാനമായ മുന്നറിയിപ്പ് അമേരിക്കയും രാജ്യത്തെ പൗരൻമാർക്ക് നേരത്തെ നൽകിയിരുന്നു.
യുക്രൈൻ – റഷ്യ യുദ്ധത്തിൽ യുക്രൈന് ശക്തമായ പിന്തുണനൽകുന്ന അമേരിക്ക റഷ്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലുകൾ രാജ്യത്തിന് നൽകിയിരുന്നു. ഇത്തരത്തിൽ ആക്രമണമുണ്ടായാൽ ആണവായുധംകൊണ്ട് മറുപടി നൽകുമെന്ന് റഷ്യയും പ്രതികരിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മോശമാകുകയായിരുന്നു.