ന്യൂഡല്‍ഹി: ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച റഷ്യന്‍ ബഹിരാകാശ സഞ്ചാരി ഒലെഗ് കൊനോനെങ്കോ ഞായറാഴ്ച പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. 878 ദിവസവും 12 മണിക്കൂറും അദ്ദേഹം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് ചെലവഴിച്ചാണ് റെക്കോര്‍ഡ് നേട്ടത്തിന് ഉടമയായത്. അതായത് ഏകദേശം രണ്ടര വര്‍ഷത്തോളം സമയമാണിത്.
2017-ല്‍ വിരമിക്കുന്നതിന് മുമ്പ്, അഞ്ച് ബഹിരാകാശ യാത്രകളിലായി മൊത്തം 878 ദിവസവും 11 മണിക്കൂറും 29 മിനിറ്റും 48 സെക്കന്‍ഡും ബഹിരാകാശത്ത് ഉണ്ടായിരുന്ന ഗെന്നഡി പദാല്‍ക്കയുടെ റെക്കോര്‍ഡാണ് 59 കാരനായ ഒലെഗ് മറികടന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെച്ചാണ് ഇദ്ദേഹം തന്റെ നേട്ടം ആഘോഷിച്ചത്. ‘ഞാന്‍ ബഹിരാകാശത്തേക്ക് പറക്കുന്നത് എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനല്ല, റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനല്ല. ഞാന്‍ കുട്ടിക്കാലം മുതല്‍ ഒരു ബഹിരാകാശയാത്രികനാകാന്‍ സ്വപ്‌നം കാണുകയും ആഗ്രഹിക്കുകയും ചെയ്തു. ആ താല്‍പ്പര്യം – ബഹിരാകാശത്തേക്ക് പറക്കാനും ഭ്രമണപഥത്തില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും പറക്കല്‍ തുടരാന്‍ എന്നെ പ്രേരിപ്പിക്കുന്നു,” അദ്ദേഹം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.
ബന്ധുക്കളെ വീഡിയോ കോള്‍ ചെയ്യാനും സ്ഥിരമായി വ്യായാമം ചെയ്യാനും കഴിയുന്നതിനാല്‍ തനിക്ക് ‘തകര്‍ച്ചയോ ഒറ്റപ്പെടലോ’ തോന്നിയിട്ടില്ലെന്ന് 59 കാരനായ അദ്ദേഹം പറഞ്ഞു. എങ്കിലും തന്റെ കണ്‍മുന്നില്‍ മക്കളെ കാണാതിരിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കയും റഷ്യയും ഇപ്പോഴും അടുത്ത് സഹകരിക്കുന്ന ചുരുക്കം ചില അന്താരാഷ്ട്ര പദ്ധതികളില്‍ ഒന്നാണ് ഐഎസ്എസ്.