മോസ്കോ: റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ക്യൂബൻ ചീഫ് എഡിറ്റർ സോയ കൊനവലോവ (48) യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോയ കൊലവലോവയെ വിഷബാധയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപം മുൻ ഭർത്താവിന്റെ മൃതദേഹവും ഉണ്ടായിരുന്നു.
ഉക്രൈൻ യുദ്ധത്തിനിടെ പ്രമുഖരായ നിരവധി മാധ്യമപ്രവർത്തകരെ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആ കണ്ണിയിലെ ഏറ്റവും ഒടുവിലെ ആളാണ് സോയ. ഇത്തരം ദുരൂഹമരണങ്ങൾ റഷ്യയിൽ ആശങ്കയുയർത്തുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തരായ രണ്ട് വനിതാ മാധ്യമപ്രവർത്തകരെയാണ് കൊലപാതകമെന്നു സംശയിക്കാവുന്ന വിധം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുട്ടിന്റെ പ്രിയപ്പെട്ട വർത്തമാന പത്രമായ കൊം സൊമൊൾസ്കയ പ്രവ്ദയുടെ ഡപ്യൂട്ടി എഡിറ്റർ ചീഫ് അന്നസാറേവയെ (35) കഴിഞ്ഞ മാസം മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ രണ്ടാം വാരം പനിയും അസ്വസ്‌ഥകളും അനുഭവപ്പെട്ടതിനെ തുടർന്ന് അന്ന മരണപ്പെടുകയായിരുന്നു.
കൊംസൊമൊൾ സ്‌കയ പ്രവ്‌ദയുടെ എഡിറ്റർ ഇൻ ചീഫ് വ്ലാഡിമിർ സൊളൊവ്യോയ് (68) 2022 സെപ്റ്റംബറിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചിരുന്നു. കിഴക്കൻ റഷ്യയിൽ പര്യടനത്തിനിടെ സംഭവിച്ച മരണം കൊലപാതകമാണെന്നും ഉക്രൈനിനു പങ്കുണ്ടെന്നും റഷ്യ അന്ന് ആരോപിച്ചിരുന്നു.