കീവ്: കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ലോ അക്കാദമി പ്രസിഡന്റ് ആയ മുൻ പാർലമെന്റ് അംഗവും ഉൾപ്പെടുന്നു. ഈ വിവരം ഉക്രേനിയൻ അധികൃതർ സ്ഥിരീകരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഉക്രൈനിലെ പ്രോസിക്യൂട്ടർ ജനറലിന്‍റെ ഓഫീസ് പുറത്തുവിട്ട ആക്രമണത്തിന്‍റെ വിഡിയോയിൽ കടൽത്തീരത്തോട് ചേർന്നുള്ള പ്രദേശത്ത് തീ ആളിപടരുന്നത് കാണാം.
ഉക്രൈനിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയിലാണ് ആക്രമണം നടന്നത്. നാല് വയസുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെടെ 32 പേർക്കു പരുക്കേറ്റു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്.
തുറമുഖനഗരമായ ഒഡേസയിൽ കടലോര ഉദ്യാനത്തോട് ചേർന്നു പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് നേരെയാണ് തിങ്കളാഴ്ച മിസൈൽ ആക്രമണമുണ്ടായത്. ക്ലസ്റ്റർ യുദ്ധോപകരണങ്ങൾക്കൊപ്പം ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
സ്‌കോട്ടിഷ് വാസ്തുവിദ്യാ ശൈലിയുമായി സാമ്യമുള്ള കെട്ടിടത്തിന്‍റെ ഗോപുരങ്ങളും മേൽക്കൂരയും ആക്രമണത്തിൽ പൂർണമായും കത്തിനശിച്ചു. 20 ഓളം റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണ സ്ഥലത്ത് നിന്ന് 1.5 കിലോമീറ്റർ ചുറ്റളവിൽ ലോഹ ശകലങ്ങളും മിസൈൽ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
റഷ്യൻ മിസൈലുകൾ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്ന നഗരമാണ് ഒഡേസ. ‘അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സമാധാനപരമായ ഉക്രേനിയൻ നഗരങ്ങളിൽ ക്രിമിനൽ ഉത്തരവുകൾ നൽകുന്നവരെ ഞങ്ങൾ കണ്ടെത്തി ശിക്ഷിക്കും,’ ഉക്രേനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു.