ഡൽഹി: ആഗോള തലത്തിൽ ഇന്ത്യയും റഷ്യയും കൂടുതൽ സഹകരണം ഉറപ്പാക്കുന്ന നിലയിലുള്ള നീക്കങ്ങൾ യാഥാർത്ഥ്യത്തിലേക്ക്. മോദി – പുടിൻ സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്ന നിലയിലേക്ക് കടക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് സ്ഥീരീകരണമായിട്ടുണ്ട്.
ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവാണ് വിവരം അറിയിച്ചത്. സന്ദർശനം നടത്തുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയതി സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ദിമിത്രി പെസ്കോവ് പറഞ്ഞു.
കഴിഞ്ഞ മാസം കസാനിൽ നടന്ന പതിനാറാമത് ഉച്ചകോടിക്കിടെ നരേന്ദ്ര മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 23 –ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിക്കായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പുടിനെ അന്ന് നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. ഈ ക്ഷണമാണ് പുടിൻ സ്വീകരിച്ച് ഇന്ത്യയിലെത്താൻ തീരുമാനിച്ചിരിക്കുന്നത്.