റഷ്യയുടെ കാസ്പെര്‍സ്‌കി ആന്റിവൈറസ് സോഫ്റ്റ്വെയറിന് അമേരിക്കയില്‍ നിരോധനം

വാഷിംഗ്ടണ്‍: റഷ്യ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്‌കിയുടെ ആന്റിവൈറസ് സോഫ്റ്റ്വെയറിന് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തി. വ്യാഴാഴ്ചയാണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് യുഎസ് വാണിജ്യ വകുപ്പ് നല്‍കിയത്.

കാസ്പെര്‍സ്‌കി എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ആസ്ഥാനം മോസ്‌കോയിലാണെങ്കിലും, ലോകമെമ്പാടുമുള്ള 31 രാജ്യങ്ങളില്‍ ഇതിന് ഓഫീസുകളുണ്ട്. 400 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്കും 200 ലധികം രാജ്യങ്ങളിലായി 270,000 കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ക്കും സേവനം നല്‍കുന്നുണ്ട്.

കാസ്പെര്‍സ്‌കിക്ക് അമേരിക്കയില്‍ അതിന്റെ സോഫ്റ്റ്വെയര്‍ വില്‍ക്കാനോ ഇതിനകം ഉപയോഗത്തിലുള്ള സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റുകള്‍ നല്‍കാനോ ഇനി കഴിയില്ലെന്നും വിലക്ക് നടപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 29 വരെ ആന്റിവൈറസ് അപ്ഡേറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചില പ്രവര്‍ത്തനങ്ങള്‍ യുഎസില്‍ തുടരാന്‍ കാസ്പെര്‍സ്‌കിക്ക് അനുമതിയുണ്ട്. യുഎസ് ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കുമുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും അനുയോജ്യമായ മറ്റ് ആന്റിവൈറസ് സോഫ്റ്റ്വെയറുകള്‍ കണ്ടെത്താന്‍ അവര്‍ക്ക് സമയം നല്‍കുന്നതിനും വേണ്ടിയാണിത്‌.

‘കാസ്പെര്‍സ്‌കി പോലുള്ള കമ്പനികളെ ഉപയോഗിച്ച് അമേരിക്കയുടെ സുരക്ഷയ്ക്ക് റഷ്യ ഭീഷണിയാകുമെന്നും അമേരിക്കയുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ശേഖരിക്കാനും ആയുധമാക്കാനും ശ്രമിക്കുമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ വ്യക്തമാക്കിയിട്ടുണ്ട്.