അതിർത്തിയിൽ മഞ്ഞുരുകുമോ? 10 വർഷത്തിനിടെ ഇതാദ്യം! ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനിലേക്ക്

ദില്ലി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്. ഈ മാസം 15, 16 തീയതികളിലാണ് ജയശങ്കർ ഇസ്ലാമാബാദ് സന്ദർശിക്കുക. വിദേശകാര്യ മന്ത്രി എന്ന നിലയിൽ എസ് ജയശങ്കറിൻ്റെ ആദ്യ പാകിസ്ഥാൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ മഞ്ഞുരുകലിന്‍റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷാങ് ഹായ് കോര്‍പ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) സംഘടിപ്പിക്കുന്ന ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യമന്ത്രിയാണ് ജയശങ്കർ. 2015 ഡിസംബറിലാണ് അവസാനമായി ഒരു വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്. അന്ന് സുഷമ സ്വരാജാണ് പാകിസ്ഥാനിലേക്ക് പോയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഒരു മാസം മുൻപ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിന് പിന്നാലെ എസ്. ജയശങ്കർ കടുത്ത ഭാഷയിൽ തിരിച്ചടി നൽകിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പാക് ഭീകരവാദ നയത്തെക്കുറിച്ച് സംസാരിച്ച ജയശങ്കർ, അയൽ രാജ്യത്തിൻ്റെ ദുഷ്പ്രവൃത്തികൾക്ക് ഉറപ്പായും അനന്തരഫലങ്ങൾ ഉണ്ടാവുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ലെന്നും യുഎൻ ജനറൽ അസംബ്ലിയിൽ എസ്. ജയശങ്കർ അഭിപ്രായപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide