തിരുവനന്തപുരം: പ്രതിഷേധങ്ങൾക്ക് മുന്നിൽ വഴങ്ങി സംസ്ഥാന സർക്കാർ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിച്ചു. ദിനംപ്രതി 10,000 പേർക്കാകും സ്പോട്ട് ബുക്കിംഗ് ലഭിക്കുക. വെർച്വൽ ക്യൂവിൽ കുറവ് വരുത്തിയാണ് സ്പോട്ട് ബുക്കിംഗ് അനുവദിച്ചിരിക്കുന്നത്. പുതിയ കണക്ക് പ്രകാരം പ്രതിദിനം വെർച്വൽ ക്യൂ ബുക്കിംഗ് 70,000 പേർക്ക് മാത്രമായിരിക്കും ലഭിക്കുക. നേരത്തെ സ്പോട്ട് ബുക്കിംഗ് ഇല്ലാത പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്കിംഗ് മാത്രം എന്നതായിരുന്നു സർക്കാർ നിലപാട്. സി പി എം അടക്കം പ്രതിഷേധം വ്യക്തമാക്കിയതോടെയാണ് നിലപാടിൽ തിരുത്തുണ്ടായിരിക്കുന്നത്.
ദിനം പ്രതി 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്പോട് ബുക്കിങ് നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനം എന്നാണ് മനസിലാകുന്നത്. 80,000 പേർ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവർക്ക് സ്പോട് ബുക്കിങ് കൂടി അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അതുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷവും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിംഗ്. ബുക്കിങ് വിഷയത്തിൽ ദേവസ്വം ബോർഡ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിച്ചു. പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാകും നറുക്കെടുപ്പ്. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നിവരാകും മേൽശാന്തിമാരുടെ നറുക്കെടുക്കുക. മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.