സ്വന്തം മണ്ണിലും നിരാശപ്പെടുത്തി സഞ്ജു, പക്ഷേ സച്ചിൻ രക്ഷകനായി; രഞ്ജി പോരാട്ടത്തിൽ കേരളത്തിന് പ്രതീക്ഷ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ബംഗാളിനെതിരായ മത്സരത്തിൽ ആദ്യ ദിനം കേരളത്തിന് മികച്ച സ്കോർ. കളിയുടെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും മധ്യനിരയിൽ സച്ചിന്‍ ബേബിയുടെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിന് വലിയ പ്രതീക്ഷ നൽകുന്നത്. സ്വന്തം നാടായ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. കേവലം 8 റൺസ് മാത്രം നേടി സഞ്ജു പുറത്തായി. തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്.

സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയും (110), അര്‍ധ സെഞ്ചുറി നേടിയ അക്ഷയ് ചന്ദ്രനുമാണ് (76) ക്രീസില്‍. മോശം തുടക്കമായിരുന്നു കേരളത്തിന്. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ജയ്സ്വാളിന്റെ പന്തില്‍ ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങിയത്. മൂന്നാമതായി ക്രീസിലെത്തിയ രോഹന്‍ പ്രേമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആകാശിന്റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ പ്രേം മടങ്ങുന്നത്. 40 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ കേരളത്തിനുണ്ടായിരുന്നത്. പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ബേബി നല്ലരീതിയില്‍ പ്രതിരോധം തീര്‍ത്ത് ആദ്യ സെഷനിലെ തകര്‍ച്ച ഒഴിവാക്കി.

എന്നാല്‍ രണ്ടാം സെഷന്റെ തുടക്കത്തില്‍ സക്‌സേന മടങ്ങി. ഓപ്പണറായി എത്തിയ സക്സേന അഞ്ച് ബൗണ്ടറികളാണ് നേടിയത്. തുടര്‍ന്നെത്തിയ സഞ്ജുവിന് 17 പന്ത് മാത്രമായിരുന്നു ആയുസ്. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ തിവാരിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നില്ല. സഞ്ജു മടങ്ങിയെങ്കില്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് സച്ചിന്‍ ബേബി കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും ഇതുവരെ 143 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

Sachin Baby and Akshay Chandran rescue Kerala against Bengal

More Stories from this section

family-dental
witywide