വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ 28 കാരന്‍ ഒരു വയസുകാരനായ മകനെ കഴുത്തറുത്തുകൊന്നു. ഭാര്യയേയും ഭാര്യാ മാതാവിനെയും ആക്രമിക്കുകയും ചെയ്ത ആന്‍ഡ്രി ഡെംസ്‌കി എന്ന യുവാവ് പൊലീസ് പിടിയിലായിട്ടുണ്ട്.
ശനിയാഴ്ചയാണ് സംഭവം. രാവിലെ കുടുംബ കലഹവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്ന് നോര്‍ത്ത് പട്രോള്‍ ഡെപ്യൂട്ടികള്‍ പ്രതിയായ ആന്‍ഡ്രി ഡെംസ്‌കിയുടെ വീട്ടിലെത്തി. വീടിനു പുറത്ത് എത്തിയപ്പോള്‍ ഡെപ്യൂട്ടികള്‍ ഭര്‍ത്താവ് തന്നെയും അമ്മയെയും ആക്രമിച്ചതായി യുവതി അവരോട് പറഞ്ഞു. യുവതിയുടെ അമ്മയ്ക്ക് പരിക്കുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പൊലീസുകാര്‍ സംസാരിക്കാനും ഡെംസ്‌കിയെ താമസസ്ഥലത്തിന് പുറത്തേക്ക് കൊണ്ടുപോകാനും ശ്രമിച്ചു. എന്നാല്‍, പ്രതി കീഴടങ്ങാന്‍ തയ്യാറായില്ല. ഇയാള്‍ക്കൊപ്പം ഒരു വയസ്സുള്ള ആണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്നും അയാള്‍ ഉപദ്രവിച്ചിരിക്കാമെന്നും അറിഞ്ഞ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കിടപ്പുമുറിയില്‍ കുട്ടിയുടെ തല അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.