മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ എം ഷാജിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ലെന്നും ഇ ടി മുഹമ്മദ് ഡല്‍ഹിയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉയര്‍ത്തിയ വാദത്തെ തള്ളിയാണ് ഇ ടിയും കെ എം ഷാജിയും എം കെ മുനീറും അടക്കം നേതാക്കള്‍ രംഗത്ത് വന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വഖഫ് ഭൂമിയാണെന്ന വാദം പരസ്യമായി ഉന്നയിക്കാതെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നേതാക്കള്‍ ഇതുവരെ നടത്തിയത്. എന്നാല്‍ ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയും പരസ്യ നിലപാടുമായി രംഗത്ത് വന്നതോടെ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുത്ത പാര്‍ട്ടി അധ്യക്ഷനും പികെ കുഞ്ഞാലിക്കുട്ടിയും പ്രതിസന്ധിയിലായി. ഒത്തു തീര്‍പ്പ് സാധ്യതക്കും സമുദായ സൗഹൃദത്തിനും കോട്ടം വരുത്തുന്നതാണ് ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളുടെ നിലപാടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
വഖഫിന്റെ രേഖകള്‍ ഉണ്ടെന്നും അതില്‍ തര്‍ക്കമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖ്ഫ് ഭൂമിയല്ലെന്നത് ശരിയല്ല. വഖ്ഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹരിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. കേവലം ഭൂമി പ്രശ്നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളാണ് ഉള്ളതെന്ന് ഷാജി ചോദിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയായിരുന്നു ഷാജിയുടെ പ്രസ്താവന. വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ലീഗില്‍ തന്നെ മുനമ്പം വിഷയത്തില്‍ ഭിന്നാഭിപ്രായം രൂപംകൊണ്ടതോടെ യുഡിഎഫിലും പ്രതിസന്ധിയായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും പ്രശ്നം പരിഹരിക്കാന്‍ കരുതലോടെയാണ് സമവായ ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ മുനമ്പം വഖഫ് തന്നെയാണെന്ന് സമര്‍ഥിക്കാന്‍ ലീഗിലെ മറുവിഭാഗം രംഗത്തെത്തുകയായിരുന്നു. കെ എം ഷാജി തുടക്കമിട്ട വിഷയത്തില്‍ മുനീറും ഇ ടി മുഹമ്മദ് ബഷീറും വഖഫ് തന്നെയെന്ന നിലപാടെടുക്കുകയും ഇവരുടെ പരസ്യ നിലപാടോടെ ലീഗ് നേതൃത്വം പ്രതിസന്ധിയിലുമായി.
അതേസമയം, വിഷയത്തില്‍ സമവായപരമായ സമീപനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സ്വീകരിച്ചത്.ലീഗ് നേതാക്കളുമായി ആലോചിച്ചാണ് മുനമ്പം ചര്‍ച്ച ചെയ്തതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിയതെന്നും സതീശന്‍. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് പ്രശ്നം പരിഹരിക്കണം. വിഷയത്തില്‍ താന്‍ തര്‍ക്കത്തിലേക്ക് പോവുന്നില്ലെന്നും തരപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയും ശ്രമിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
Sadiqali Thanmal and Kunhalikutty support KM Shaji on Waqf land