ഹൈദരാബാദ്: എംബിബിഎസ് ബിരുദം കരസ്ഥമാക്കി ദക്ഷിണേന്ത്യൻ സിനിമാ താരം സായി പല്ലവി. ജോർജിയയിലെ ടിബിലിസ്(Tibilisi) മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സായി പല്ലവി എംബിബിഎസ് എടുത്തത്. താരം കോണ്‍വൊക്കേഷന്‍ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേർ കമന്റിലൂടെ തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ അറിയിച്ചു.
2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് താരം സായി പല്ലവി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലർ എന്ന കോളജ് അധ്യാപികയായി എത്തിയ സായി മലയാളക്കരയുടെ മനം കവർന്നു. ‘മലരേ നിന്നെ കാണാതിരുന്നാൽ…’ എന്ന് മലയാളി യുവാക്കൾ ഒന്നടങ്കം പാടി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയാണ് നായകനായി എത്തിയത്.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായൺ’ ആണ് സായി പല്ലവിയുടെ പുതിയ ചിത്രം. രാമയണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സീതയായാണ് സായി അഭിനയിക്കുന്നത്. രൺബീർ കപൂറാണ് രാമൻ. കന്നഡ താരം യഷ് രാവണനെ അവതരിപ്പിക്കും. കുംഭകർണ്ണനായി ബോബി ഡിയോളിനെയും കൈകേയിയായി ലാറ ദത്തയെയുമാണ് പരിഗണിക്കുന്നത്. 2024 മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. മൂന്ന് ഭാഗങ്ങളായാണ് സിനിമയൊരുങ്ങുന്നത്. 2025ലാണ് ആദ്യ ഭാഗത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.