അലൻ ചെന്നിത്തല
ഡിട്രോയിറ്റ്: പ്രവാസി സംഘടനയായ ഫോമായുടെ 2024-2026 വർഷത്തേക്കുള്ള അഡ്വൈസറി കൗൺസിലേക്ക് സെക്രട്ടറിയായി സൈജൻ കണിയൊടിക്കലിനെ ഫോമാ ഗ്രേറ്റ് ലേക്സ് റീജൻ നാമനിർദേശം ചെയ്തു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുൻ്റക്കാന, ബാർസലോ ബവാരോ പാലസ് ഫൈവ്സ്റ്റാർ റിസോർട്ടിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്ന്നകു ഇൻറർനാഷണൽ കൺവൻഷണിലാണ് ഫോമായുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുടുക്കുക.
2007-ൽ മിഷിഗണിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം ചേക്കേറിയ സൈജൻ കണിയൊടിക്കൽ ആലുവാ സ്വദേശിയാണ്. ആഗോള സംഘടനയായ സി.എൽ.സിയിലൂടെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളിൽ ചെറുപ്പംമുതൽ സൈജൻ പങ്കാളിയായി. ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുമ്പോൾ ഏഷ്യാനെറ്റിന്റെ കീഴിലുള്ള എ.സി.എഫ്. എൽ.എ യുടെ മധ്യമേഖലാ സെക്രട്ടറിയായിരുന്നു.
2016-ൽ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട സൈജൻ ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റ് സെക്രട്ടറിയാണ്. അതോടൊപ്പം ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുഖപത്രമായ ‘ധ്വനി’ മാസികയുടെ ചീഫ് എഡിറ്റർ കൂടിയാണ്.
ഒരു തികഞ്ഞ കലാകാരനും നാടകരചയിതാവും സംവിധായകനും നടനുമായ സൈജൻ കണിയൊടിക്കൽ നിരവധി നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്ത് അമേരിക്കയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഫോമാ ഇൻറർനാഷണൽ നാടകമത്സരത്തിൽ 2020-ൽ മികച്ച ജനപ്രിയ നാടകത്തിനും 2022-ൽ മികച്ച നാടകത്തിനുമുള്ള പുരസ്കാരങ്ങൾ ഇദ്ദേഹത്തിന്റെ നാടകങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
ഫോമാ നാഷണൽ കമ്മറ്റിയിൽ പ്രവർത്തിക്കുമ്പോൾ ഫോമക്കൊരു സാഹിത്യ മാസിക എന്ന ആശയം മുൻപോട്ടു വെക്കുകയും “അക്ഷരകേരളം” എന്ന മാസിക സൈജൻ കണിയൊടിക്കൽ മാനേജിംഗ് എഡിറ്ററായി പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.
ഡിട്രോയിറ്റ് സെൻറ് തോമസ് സീറോ മലബാർ ചർച്ച് ട്രസ്റ്റിയായിരുന്ന ഇദ്ദേഹം ഇപ്പോൾ ചിക്കാഗോ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമാണ്.
ബാല്യം മുതൽ സംഘടനാ പ്രവർത്തനങ്ങളിലുടെ വളർന്നു വന്ന സൈജൻ കണിയൊടിക്കലിന്റെ നേതൃത്വ പാടവം ഫോമയ്ക്ക് മുതൽകൂട്ടാവുമെന്ന ഉത്തമ ബോധ്യമാണ് നാഷണൽ അഡ്വൈസറി കൗൺസിൽ സെക്രട്ടറിയായി ഇദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുന്നതെന്ന് ഗ്രേറ്റ് ലേക്സ് റീജൻ ആർവിപി ബോബി തോമസ്സ്, ഗ്രേറ്റ് ലേക്സ് നാഷണൽ കമ്മറ്റി മെമ്പർ സുദീപ് കിഷൻ, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡൻറ് പ്രിൻസ് ഏബ്രഹാം, ഡിട്രോയിറ്റ് കേരളക്ലബ്ബ് പ്രസിഡൻറ് ആഷ മനോഹരൻ, കേരളാ അസോസിയേഷൻ ഓഫ് ഓഹായോ പ്രസിഡൻറ് ബാലു കൃഷ്ണൻ എന്നിവർ പറഞ്ഞു അതോടൊപ്പം തങ്ങളുടെ പൂർണ്ണ പിൻതുണ അറിയിക്കുകകയും ചെയ്തു. ഇപ്പോൾ മിഷിഗണിലെ വിക്സത്തിൽ ഭാര്യ മിനിയോടും മക്കളായ എലൈൻ റോസ്, ആരൺ ജോ എന്നിവരോടുമൊപ്പം സൈജൻ താമസിക്കുന്നു.
Saijan Kaniyodukkal FOMA Advisory Committee