ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിക്കണമെന്ന ഗായിക കെ എസ് ചിത്രയുടെ പരാമര്‍ശം വിവാദമായതില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. ആര്‍ക്കും അഭിപ്രായം പറയാം. വിശ്വാസമുള്ളവര്‍ക്ക് പോകാം. വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ല. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും സജി ചെറിയാന്‍ ചോദിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12.20ന് ശ്രീരാമ ജയരാമ എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ട എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് ചര്‍ച്ചയായ വീഡിയോയില്‍ ചിത്ര പറഞ്ഞത്.