തെറ്റുപറ്റി…! സല്‍മാന്‍ ഖാന് വധഭീഷണി മുഴക്കിയ അതേ നമ്പറില്‍ നിന്ന് മുംബൈ ട്രാഫിക് പൊലീസിന് ക്ഷമാപണം

മുംബൈ: ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ നടന്‍ സല്‍മാന്‍ ഖാന്‍ 5 കോടി നല്‍കണമെന്നും ഇല്ലെങ്കില്‍ കൊല്ലപ്പെടുമെന്നും ഭീഷണിയെത്തിയതിനു പിന്നാലെ അതേ ആള്‍, തനിക്ക് തെറ്റ് പറ്റിയെന്ന് പുതിയൊരു സന്ദേശം അയച്ചു.

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖ് ബാന്ദ്രയില്‍ വെടിയേറ്റ് മരിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പ് ഒക്ടോബര്‍ 18 നാണ് മുംബൈ ട്രാഫിക് പൊലീസിന് സല്‍മാന്റെ ജീവന് വിലയിട്ട് ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചത്. സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കരുതുന്ന ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ സല്‍മാന്‍ ഖാന്‍ അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ അതേ ഗതി സല്‍മാനും നേരിടേണ്ടിവരുമെന്ന് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഇതോടെ സല്‍മാന്റെ സുരക്ഷ വീണ്ടും വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ബാന്ദ്രയിലെ സല്‍മാന്റെ വസതിയ്ക്കും മുംബൈയ്ക്ക് സമീപമുള്ള പന്‍വേലിലുള്ള ഫാം ഹൗസിനും ചുറ്റുമുള്ള സുരക്ഷ കൂടുതല്‍ ശക്തമാക്കി. എന്നാല്‍ ഇതിനു പിന്നാലെ, തിങ്കളാഴ്ചയാണ് തനിക്കു തെറ്റുപറ്റിയെന്ന് കാട്ടി ഭീഷണി എത്തിയ അതേ നമ്പറില്‍ നിന്ന് മറ്റൊരു സന്ദേശം ലഭിച്ചത്. നേരത്തെ ഭീഷണി സന്ദേശം അയച്ചതില്‍ തനിക്ക് തെറ്റുപറ്റിയതായാണ് പുതിയ സന്ദേശത്തിലുള്ളതെന്ന് മുംബൈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജാര്‍ഖണ്ഡില്‍ നിന്നുള്ളതാണ് സന്ദേശമെന്നും ഇതിന് പിന്നിലുള്ള ആളെ കണ്ടെത്താന്‍ മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം സംസ്ഥാനത്തുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More Stories from this section

family-dental
witywide