‘കിഴക്കേ ഇന്ത്യക്കാര്‍ ചൈനക്കാരെപ്പോലെ, ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ’ വിവാദത്തിലേക്ക് സാം പിത്രോദ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പിത്രോദ. കിഴക്കേ ഇന്ത്യക്കാര്‍ ചൈനക്കാരെപ്പോലെയെന്നും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെയെന്നുമുള്ള പരാമര്‍ശമാണ് ഇപ്പോള്‍ വിവാദവും ബിജെപിക്ക് ആയുധവുമായി മാറിയിരിക്കുന്നത്.

അമേരിക്കയിലെ അനന്തരാവകാശ നികുതിയെക്കുറിച്ച് കഴിഞ്ഞ മാസം പിത്രോദ നടത്തിയ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കുകയും കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീണ്ടും കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പരാമര്‍ശം നടത്തിയിരിക്കുന്നത്.

ദി സ്റ്റേറ്റ്സ്മാനുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിലാണ് പിത്രോദ ഇന്ത്യ വൈവിധ്യമാര്‍ന്ന രാജ്യമാണെന്നും ഇവിടെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളുത്തവരേയും തെക്കുള്ളവര്‍ ആഫ്രിക്കക്കാരെയും പോലെയാണ്’ എന്ന പരാമര്‍ശം നടത്തിയത്.

എന്നാല്‍, ഈ വിവാദ പരാമര്‍ശത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ഇന്ത്യയുടെ വൈവിധ്യത്തിന് സാം പിത്രോദ നല്‍കുന്ന സാമ്യങ്ങള്‍ അങ്ങേയറ്റം തെറ്റും അസ്വീകാര്യവുമാണെന്നും മുതിര്‍ന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ സാമ്യതകളോട് പൂര്‍ണ്ണമായും വിയോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഈ പരാമര്‍ശത്തെ അപലപിച്ചിട്ടുണ്ട്. ‘സാം ഭായ്, ഞാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരനാണ്, ഞാന്‍ ഒരു ഇന്ത്യക്കാരനെപ്പോലെയാണ്. നമ്മള്‍ വൈവിധ്യമാര്‍ന്ന രാജ്യമാണ് – നമ്മള്‍ വ്യത്യസ്തരായി കാണപ്പെടാം, പക്ഷേ നാമെല്ലാവരും ഒന്നാണ്.’എന്ന് ഹിമന്ത ബിശ്വ ശര്‍മ്മ, എക്സില്‍ പോസ്റ്റ് ചെയ്തു.

പിത്രോദ ‘വംശീയവും, വിഭജനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയും അഭിനേത്രിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കങ്കണ റണാവത്ത് ആരോപിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഉപദേശകനാണ് സാം പിത്രോദ എന്നും ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വംശീയവും ഭിന്നിപ്പിക്കുന്നതുമായ പരിഹാസങ്ങള്‍ ശ്രദ്ധിക്കുകയെന്നും കോണ്‍ഗ്രസിന്റെ മുഴുവന്‍ ആശയങ്ങളും ഭിന്നിപ്പിച്ച് ഭരിക്കുന്നതിനെക്കുറിച്ചാണെന്നും കങ്കണ പറഞ്ഞു. സഹ ഇന്ത്യക്കാരെ ചൈനക്കാരും ആഫ്രിക്കക്കാരും എന്ന് വിളിക്കുന്നത് വേദനാജനകമാണ്. കോണ്‍ഗ്രസിന് നാണക്കേടാണെന്നും അവര്‍ പ്രതികരിച്ചു.

നെഹ്റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്ത സഹായിയുമായാണ് സാം പിത്രോദ സുപരിചിതനാകുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ തലവന്‍ കൂടിയാണ് പിത്രോദ. നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിച്ച് അഭിപ്രായം രേഖപ്പെടുത്തിയ സാം പിത്രോദയ്‌ക്കെതിരെ ഇതിനോടകം തന്നെ നിരവധി പേരാണ് എതിര്‍പ്പും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide