ടെക്സാസ്: ബിജെപി പ്രോത്സാഹിപ്പിക്കുന്നതിന് വിരുദ്ധമായ കാഴ്ചപ്പാടാണ് തന്റെ പാര്‍ട്ടി നേതാവ് രാഹുല്‍ഗാന്ധിക്കുള്ളതെന്നും അദ്ദേഹം ഒരു ‘പപ്പു’ അല്ലെന്നും കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ടെക്സസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി. ‘പപ്പു’ എന്ന വിളിപ്പേരില്‍ പലരും മുറിപ്പെടുത്താന്‍ ശ്രമിച്ച രാഹുലിനെ വേദിയിലിരുത്തിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
”കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബിജെപി പ്രോത്സാഹിപ്പിക്കുന്നതിന് വിരുദ്ധമായ കാഴ്ചപ്പാടാണ് രാഹുല്‍ ഗാന്ധിക്ക് ഉള്ളത്. അദ്ദേഹം ‘പപ്പു’ അല്ല, അദ്ദേഹം ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവനും നന്നായി വായിക്കുന്നവനും ഏത് വിഷയത്തിലും ആഴത്തില്‍ ചിന്തിക്കുന്നവനുമാണ്. അദ്ദേഹത്തെ മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല” – സാം പിത്രോദയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. വൈവിധ്യം ആഘോഷിക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ വ്യത്യസ്തമായ അജണ്ടയെന്നും പിത്രോദ പറഞ്ഞു. ജനാധിപത്യം അത്ര ലളിതമല്ലെന്നും അത് നിസ്സാരമായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പ്രാവശ്യം ന്യൂയോര്‍ക്കിലെ ഒരു പ്രധാന മീറ്റിംഗിനായി രാഹുല്‍ഗാന്ധി എത്തിയപ്പോള്‍ ഡാളസിലേക്ക് ആളുകള്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. അടുത്ത യാത്രയില്‍ ഞാന്‍ ഡാളസിലേക്ക് വരുമെന്ന് അദ്ദേഹം അവര്‍ക്ക് വാക്ക് നല്‍കി. തന്റെ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് തിരക്കേറിയ ഷെഡ്യൂളില്‍ നിന്നും മൂന്ന് ദിവസം അവധിയെടുത്ത് അദ്ദേഹം വാക്കുപാലിച്ച് ഡാളസില്‍ എത്തി. ഇവിടെ ഒരു ദിവസവും വാഷിംഗ്ടണ്‍ ഡിസിയില്‍ രണ്ട് ദിവസവും ചെലവഴിക്കുന്നുമെന്നും പിത്രോദ വ്യക്തമാക്കി.