ന്യൂഡല്‍ഹി: 2024 ലെ വനിതാ ടി20 ലോകകപ്പിന് മുന്നോടിയായി ഒരു സുപ്രധാന നീക്കവുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ലിംഗനീതിയില്‍ ചരിത്രം കുറിക്കുന്ന തീരുമാനവുമായാണ് ഐസിസി എത്തിയിരിക്കുന്നത്. പുരുഷ, വനിത ലോകകപ്പുകളില്‍ ഒരേ സമ്മാനത്തുക നല്‍കുമെന്ന് ഐ.സി.സി പ്രഖ്യാപിച്ചു. ദീര്‍ഘ നാളായി പല കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യമാണ് ഐ സി സി ഇപ്പോള്‍ അംഗീകരിക്കുന്നത്. നേരത്തെ ബി സി സി ഐ പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വിജയിക്കുന്ന ടീമിന് 19.6 കോടി രൂപ നല്‍കും. 2023 ലോകകപ്പില്‍ 8.37 കോടി രൂപ ആയിരുന്നു സമ്മാനത്തുക. ഇതോടെ തുല്യ സമ്മാനത്തുക ഏര്‍പ്പെടുത്തുന്ന ആദ്യ കായികയിനമായി ക്രിക്കറ്റ് മാറും. ഈ വര്‍ഷത്തെ വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ ഇത് നടപ്പാക്കും. ഒക്ടോബര്‍ 3 മുതല്‍ യു എ ഇയിലാണ് വനിതാ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്.
ഓസ്ട്രേലിയയാണ് നിലവില്‍ വനിതാ ടി20 ലോകകപ്പ് ജേതാക്കാള്‍. ബംഗ്ലാദേശില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് നേരത്തെ ഐ സി സി ദുബായിലേക്കും ഷാര്‍ജയിലേക്കും മാറ്റിയിരുന്നു. നിരവധി വിദേശ താരങ്ങള്‍ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ നിന്ന് അവസാന നിമിഷം ലോകകപ്പ് വേദി മാറ്റാന്‍ ഐ സി സി നിര്‍ബന്ധിതരായത്. ഇതോടെ മത്സരക്രമവും പുന:ക്രമികരിക്കേണ്ടി വന്നിരുന്നു. മത്സരങ്ങളുടെ തീയതികളില്‍ മാത്രമാണ് ഐ സി സി മാറ്റം വരുത്തിയിരിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുന്ന പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരും ഉള്‍പ്പെടുന്നു.