തീരമണഞ്ഞ് സാന്‍ഫെര്‍ണാണ്ടോ; ആദ്യ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച് വിഴിഞ്ഞം

തിരുവനന്തപുരം: സ്വപ്‌ന സാക്ഷാത്കാരത്തിന് സാക്ഷിയായി വിഴിഞ്ഞം തുറമുഖം. ആദ്യ മദര്‍ഷിപ്പ് സാന്‍ഫെര്‍ണാണ്ടോ തീരമണഞ്ഞത് കേരളത്തിന്റെ ആരവങ്ങള്‍ക്കിടയിലേക്ക്. രാവിലെ 7 മണിയോടെ തുറമുഖത്തിന്റെ പുറം ഭാഗത്ത് എത്തിയ കപ്പല്‍ 9:30 ഓടെ തുറമുഖത്ത് ബെര്‍ത്ത് ചെയ്തു. മദര്‍ഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റന്‍ ഏറ്റെടുത്തു.

‘ഓഷ്യന്‍ പ്രസ്റ്റീജ്’ ടഗ് വാട്ടര്‍ സല്യൂട്ട് നല്‍കി സാന്‍ ഫെര്‍ണാണ്ടോയ്ക്ക് സ്വീകരണമൊരുക്കി. സ്വപ്‌നം തീരമണഞ്ഞുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ചെണ്ടമേളവും ദേശീയപതാക വീശിയും പ്രദേശവാസികള്‍ കപ്പലിനെ സ്വാഗതം ചെയ്തു. 300 മീറ്റര്‍ നീളവും 48 മീറ്റര്‍ വീതിയുമുള്ള കപ്പലിനെ വരവേല്‍ക്കാന്‍ നിരവധി ആളുകളാണ്‌ തുറമുഖത്ത് കാത്തുനിന്നത്.

ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ ഈ കപ്പല്‍ സിയാമെന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ടാണ് വിഴിഞ്ഞത്ത് എത്തിയത്. കപ്പലില്‍ ഒരു മലയാളി ജീവനക്കാരനുമുണ്ട്. പാലക്കാട് വാണിയംകുളം സ്വദേശിയായ പ്രജീഷാണ് കപ്പലിലെ മലയാളി. പ്രജീഷ് ഉള്‍പ്പെടെ 5 ഇന്ത്യക്കാരും 17 വിദേശികളും കപ്പലിലുണ്ട്.

കേരള തലസ്ഥാനത്ത് നിന്ന് 16 കിലോമീറ്റര്‍ തെക്ക്, വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറ് ഷിപ്പിംഗ് റൂട്ടിന് സമീപമാണ്. ഇന്ത്യയിലെ ആദ്യത്തെ ഡീപ്വാട്ടര്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം കൂടിയാണ് വിഴിഞ്ഞം. തുറമുഖത്തിന് 18-20 മീറ്റര്‍ സ്വാഭാവിക ഡ്രാഫ്റ്റ് ഉണ്ട്. അതായത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളില്‍ ചിലത് ഇവിടെ ഡോക്ക് ചെയ്യാന്‍ കഴിയും. സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും വിഴിഞ്ഞത്ത് 2000 ലധികം കണ്ടെയ്നറുകള്‍ ഇറക്കുമ്പോള്‍, അത് ഇന്ത്യയില്‍ ഒരു പുതിയ ചരിത്രമായി മാറും, ഈ ബൃഹത് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ പ്രധാന നാഴികക്കല്ലാകുകയും ചെയ്യും.

പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ഗതാഗതത്തിനായി ശ്രീലങ്കയിലെ കൊളംബോ, ഒമാനിലെ സലാല, സിംഗപ്പൂര്‍ തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങളുമായി മത്സരിക്കാനാകുന്ന നേട്ടം വിഴിഞ്ഞം കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More Stories from this section

family-dental
witywide