ഓപ്പണ്‍എഐക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സുചിര്‍ ബാലാജിയുടെ മരണം ആത്മഹത്യയെന്ന് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ്

ന്യൂഡല്‍ഹി: ഓപ്പണ്‍എഐ മുന്‍ ഗവേഷകനായ 26 കാരനായ ഇന്ത്യന്‍ വംശജന്‍ സുചിര്‍ ബാലാജിയെ കഴിഞ്ഞ മാസമാണ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓപ്പണ്‍എഐ വിട്ട ബാലാജി, എഐ ഭീമനെതിരെ വിസില്‍ബ്ലോയറായി ഉയര്‍ന്നുവന്നിരുന്നു.

കമ്പനിയുടെ AI മോഡലുകള്‍ അനുമതിയില്ലാതെ ഇന്റര്‍നെറ്റില്‍ നിന്ന് സ്‌ക്രാപ്പ് ചെയ്ത പകര്‍പ്പവകാശമുള്ള മെറ്റീരിയലുകളില്‍ പരിശീലിപ്പിച്ചതാണെന്നും ഇത് ദോഷകരമാണെന്നും യുവാവ് ആരോപിച്ചിരുന്നു. മോഡല്‍ പരിശീലനത്തിനായി ഓപ്പണ്‍എഐയുടെ ഡാറ്റ പകര്‍ത്തുന്ന പ്രക്രിയ പകര്‍പ്പവകാശ ലംഘനമാണെന്ന് അവകാശപ്പെട്ട ബാലാജി ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തന്റെ സ്വകാര്യ വെബ്സൈറ്റില്‍ കൂടുതല്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ജനറേറ്റീവ് മോഡലുകള്‍ അവരുടെ പരിശീലന ഡാറ്റയ്ക്ക് സമാനമായ ഔട്ട്പുട്ടുകള്‍ വളരെ അപൂര്‍വമായി മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂവെങ്കിലും, പരിശീലന സമയത്ത് പകര്‍പ്പവകാശമുള്ള മെറ്റീരിയലുകള്‍ പകര്‍ത്തുന്നത് നിയമങ്ങള്‍ ലംഘിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലും സുചിര്‍ ബാലാജി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇതെല്ലാം തള്ളി രംഗത്തെത്തിയ ഓപ്പണ്‍ എഐ, ‘ഞങ്ങള്‍ പൊതുവായി ലഭ്യമായ ഡാറ്റ ഉപയോഗിക്കുവെന്നും, നിയമപരമായ മുന്‍കരുതലുകളാല്‍ പിന്തുണയ്ക്കുന്ന രീതിയില്‍ ഞങ്ങള്‍ എഐ മോഡലുകള്‍ നിര്‍മ്മിക്കുന്നുവെന്നും വ്യക്തമാക്കി.

ഓപ്പണ്‍എഐയില്‍ സുചിര്‍ ബാലാജി ഏകദേശം നാല് വര്‍ഷത്തോളം ചെലവഴിച്ചു. കമ്പനിയുടെ മുന്‍നിര ഉല്‍പ്പന്നമായ ചാറ്റ്ജിപിടിയുടെ ഡാറ്റ ശേഖരണവിഭാഗത്തിലായിരുന്നു ജോലിനോക്കിയിരുന്നത്. 2022-ല്‍ ഓപ്പണ്‍എഐയുടെ പ്രവര്‍ത്തനങ്ങളുടെ നിയമപരവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. 2023ന്റെ മധ്യത്തോടെ, രാജി വെക്കുകയായിരുന്നു.