രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അതിനപ്പുറം ഒന്നും വേണ്ടെന്ന് മുരളീധരന്‍, ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്ന് സന്ദീപ്

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ശ്രീകൃഷ്ണപുരത്ത് ഒരേ വേദി പങ്കിട്ട് ബിജെപി വിട്ട സന്ദീപ് വാര്യരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും. സന്ദീപ് വാര്യറെ ചേര്‍ത്ത് പിടിച്ച് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ നീരസം അകന്ന് പാര്‍ട്ടിയുടെ ഇഴയടുപ്പം വ്യക്തമാകുകയായിരുന്നു.

രാഹുല്‍ ഗാന്ധി ഒരു തീരുമാനം എടുത്താല്‍ അതിനൊപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അതിനപ്പുറം ഒന്നും വേണ്ടെന്നും കൂടി കെ മുരളീധരന്‍ പറഞ്ഞു. മാത്രമല്ല, ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. അത് തുറന്ന് പറഞ്ഞെന്ന് മാത്രം. സന്ദീപിനെ ഇനി പൂര്‍ണമായും കോണ്‍ഗ്രസുകാരനായി കാണാമെന്നും മുരളീധരന്‍ വേദിയില്‍ പറഞ്ഞു

മുരളിയേട്ടന്‍ എന്ന് വിളിച്ച് മുരളീധരനൊപ്പവും കോണ്‍ഗ്രസിനൊപ്പവും ഇനി എന്നും ഉണ്ടാകുമെന്നാണ് സന്ദീപ് വ്യക്തമാക്കിയത്. മാരാര്‍ജി ഭവനില്‍ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വരാന്‍ താനാണ് അഭ്യര്‍ഥിച്ചതെന്നും ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണെന്നും സന്ദീപ് വ്യക്തമാക്കി.

മാത്രമല്ല, ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്നുകൂടി സന്ദീപ് തട്ടിവിട്ടു. ഏറ്റവും ഇഷ്ടമുള്ള നേതാവാണെന്നും മുരളീധരന്‍ സഹോദര തുല്യനാണെന്നുകൂടി സന്ദീപ് പറഞ്ഞുവെച്ചു. പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരില്‍ മുരളീധരനെ വിമര്‍ശിച്ചിട്ടുണ്ടന്നും ഇനി മുതല്‍ ഒരുമിച്ച് മുന്നേറാമെന്നും കോണ്‍ഗ്രസിലേക്കുള്ള ചുവടുമാറ്റത്തിന്റെ കരുത്തുകൂട്ടാന്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.

More Stories from this section

family-dental
witywide