പാണക്കാട്ടെത്തി സന്ദീപ് വാരിയര്‍,”മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാന്‍ കാരണം പാണക്കാട്ട് കുടുംബം”

തിരുവനന്തപുരം: മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാന്‍ കാരണം പാണക്കാട്ട് കുടുംബമാണെന്ന് സന്ദീപ് വാരിയര്‍. രാജ്യം അംഗീകരിച്ച കാര്യമാണിതെന്നും മാനവസൗഹാര്‍ദമാണ് ഏറ്റവും വലുത് എന്ന സന്ദേശം നല്‍കിയ തറവാടാണിതെന്നും പാണക്കാട് എത്തിയ സന്ദീപ് പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാരിയര്‍ ഇന്നാണ് പാണക്കാട്ട് സന്ദര്‍ശനം നടത്തിയത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ് നേതാക്കളും പാണക്കാട് തറവാട്ടിലെ അംഗങ്ങളും ചേര്‍ന്നാണ് സന്ദീപിനെ സ്വീകരിച്ചത്.

സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവിനെ സന്തോഷത്തോടെയാണ് നോക്കി കാണുന്നതെന്നും മതേതരത്വത്തിന്റെ രാഷ്ട്രീയഭൂമിയിലേക്ക് അദ്ദേഹം കടന്നുവന്നിരിക്കുകയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ബിജെപിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ മാറ്റം വരുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇനി കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ്. ദേശീയമായി തന്നെ പ്രാധാന്യമുള്ള ഒന്നാണ് സന്ദീപിന്റെ വരവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

”അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതില്‍ കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് പാണക്കാട് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ കണ്ടുനിന്ന ആളായിരുന്നു ഞാന്‍. അത്തരത്തില്‍ ഉയര്‍ന്ന ചിന്തയോടുകൂടി മനുഷ്യര്‍ തമ്മില്‍ സഹോദരങ്ങളെപോലെ പോണം. മാനവസൗഹാര്‍ദ്ദമാണ് വേണ്ടത് എന്ന സന്ദേശം എല്ലാക്കാലത്തും നല്‍കിയിട്ടുള്ള കുടുംബം. ഇതിന് മുന്നില്‍ കൂടി കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കി കണ്ടിട്ടുള്ളത്. ഏത് സമയത്തും ആര്‍ക്കും സഹായം ചോദിച്ച്കടന്നുവരാന്‍ കഴിയുന്ന ഹൃദയ വിശാലതയുള്ള തറവാടാണ് ഇത്. ഇന്നലെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ഇവിടേക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ അതില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ട്. ബിജെപിയുടെ ഭാഗമായി നില്‍ക്കുന്ന സമയത്ത് ബിജെപിയുടെ രാഷ്ട്രീയം ഞാന്‍ പറയുന്ന സമയത്ത് ആ കാര്യങ്ങളില്‍ ഹൃദയവേദന ഉണ്ടായിട്ടുള്ള ഒരുവിഭാഗം ആളുകള്‍ ഉണ്ടെങ്കില്‍ എന്റെ ഈ വരവ് പ്രത്യേകിച്ച് തങ്ങളുടെ അനുഗ്രഹം തേടിയുള്ള വരവ് അത്തരത്തിലുള്ളവരുടെ തെറ്റിദ്ധാരണ നീക്കാന്‍ സഹായകമാകുമെന്ന് ഞാന്‍ കരുതുന്നു. ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ കുടുംബത്തിന്റെയും തങ്ങളുടെയും അനുഗ്രഹം എനിക്ക് ആവശ്യമുണ്ട്. എന്റെ നാട്ടിലുള്ള മുസ്ലീം ലീഗിന്റെ ആളുകളും എനിക്കൊപ്പം വന്നിട്ടുണ്ടെന്നും” സന്ദീപ് പറഞ്ഞു.

More Stories from this section

family-dental
witywide