ന്യൂഡല്‍ഹി : ശനിയാഴ്ച പാകിസ്ഥാന്‍ നടി സന ജാവേദുമായുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ മുതല്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക് സോഷ്യല്‍ മീഡിയയില്‍ നിന്ന് നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്.
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള ദാമ്പത്യം തകരുമെന്ന അഭ്യൂഹങ്ങള്‍ വസ്തുതകളായി മാറിയതോടെ ഈ പ്രഖ്യാപനം പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും കായിക ലോകത്തെ പിടിച്ചുലച്ചു. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഇരുവരെയും വേറിട്ടു പോകാന്‍ പ്രേരിപ്പിച്ചത് എന്താണ്? ക്രിക്കറ്റ് താരത്തിന്റെ വിവാഹേതര ബന്ധങ്ങളാണ് സാനിയയെ പുറത്താക്കിയതെന്നാണ് ഒരു പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷോയിബ് മാലിക്കിന്റെ മൂന്നാം വിവാഹത്തില്‍ ക്രിക്കറ്റ് താരത്തിന്റെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍, മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മൂന്നാമതും വിവാഹം കഴിക്കുന്നത് മാലിക്കിന്റെ സഹോദരിമാരെ അസ്വസ്ഥരാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
വിവാഹമോചിതയായ നടി സന ജാവേദിനൊപ്പം ഷൊയ്ബ് മാലിക്കിന്റെ കുടുംബാംഗങ്ങളാരും അദ്ദേഹത്തിന്റെ മൂന്നാം വിവാഹത്തില്‍ പങ്കെടുത്തില്ല. ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹമോചനത്തില്‍ മാലിക്കിന്റെ സഹോദരിമാര്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. മാലിക്കിന്റെ വിവാഹേതര ബന്ധങ്ങള്‍ സാനിയയ്ക്ക് മടുത്തുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അതേസമയം, സാനിയയോ ഷൊയിബും തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഏറെ നാളായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടായിരുന്നു. സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നടക്കം ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.
അതേസമയം, ഇരുവരും തമ്മില്‍ മാസങ്ങള്‍ക്കുമുമ്പ് വിവാഹ മോചനം നേടിയിരുന്നുവെന്നാണ് സാനിയയുടെ കുടുംബത്തിന്റെ പ്രതികരണം.