രാജ്യം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളില്‍പ്പെട്ട രണ്ടുപേരാണ് സാനിയ മിര്‍സയും മുഹമ്മദ് ഷമിയും. ഇന്ത്യയിലും പുറത്തുമായി നിരവധി ആരാധകരുള്ള മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയ. മുഹമ്മദ് ഷമിയാകട്ടെ 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഫൈനലില്‍ എത്തിച്ച മികച്ച പേസ് ബൗളറും. ഇരുവരും വിവാഹ മോചിതരാണ്.
അടുത്തിടെയായി ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതുമാത്രമല്ല, ഇരുവരും തമ്മില്‍ വിവാഹിതരായി എന്ന തരത്തില്‍ വ്യാജച്ചിത്രവും പ്രചരിച്ചിരുന്നു. മുന്‍ ഭാര്യ ഹസിനൊപ്പമുള്ള ഷമിയുടെ ചിത്രത്തിലേക്ക് സാനിയയുടെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ പലരും ഇത് സത്യമാണെന്നുകരുതി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരുന്നു.
വിവാഹ വാര്‍ത്തയോട് പ്രതികരിച്ച സാനിയയുടെ പിതാവ് ഇമ്രാന്‍, വാര്‍ത്തകളെ നിഷേധിച്ചു. ഇരുവരുടേയും വിവാഹ വാര്‍ത്തകളില്‍ സത്യമില്ലെന്നും അതുമാത്രമല്ല, രണ്ടുപേരും തമ്മില്‍ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2010 ഏപ്രിലിലാണ് സാനിയയും ഷൊയ്ബും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. വേര്‍പിരിയലിനുശേഷം ഷൊയ്ബ് പാക് നടി സന ജാവേദിനെയാണ് വിവാഹം കഴിച്ചത്.
2014ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരാകുന്നത്. ഇവര്‍ ഇപ്പോള്‍ പിരിഞ്ഞ് കഴിയുകയാണ്.