മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക് തന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ടെന്നീസ് താരം സാനിയ മിര്‍സയുടെ വ്യക്തിജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നു. ബുധനാഴ്ച സന ജാവേദുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് ഷോയ്ബില്‍ നിന്ന് സാനിയ വിവാഹമോചനം നേടിയെന്ന അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ചത്. ഒടുവില്‍ വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് സാനിയയുടെ കുടുംബം.
‘പൊതുമണ്ഡലത്തില്‍ നിന്ന് എന്നും തന്റെ വ്യക്തിജീവിതം മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളാണ് സാനിയ. എന്നാല്‍ ഷൊയ്ബില്‍ നിന്നും വിവാഹമോചനം നേടിയിട്ട് കുറച്ചുമാസങ്ങളായി എന്ന കാര്യം ഇവിടെ പങ്കുവയ്‌ക്കേണ്ടത് ഒരു ആവശ്യകതയായിട്ടുണ്ട്. ഷൊയ്ബിന്റെ പുതിയ യാത്രയ്ക്ക് സാനിയ എല്ലാ ആശംസകളും നേരുന്നു. ഈ ഘട്ടത്തില്‍ സാനിയയുടെ ആരാധകരും അഭ്യുദയകാംക്ഷികളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ പ്രസ്താവനയില്‍ സാനിയയുടെ കുടുംബം അറിയിച്ചു.
ആദ്യ വിവാഹം വേര്‍പെടുത്തിയ ശേഷം 2010 ഏപ്രില്‍ 12നാണ് ഷൊയ്ബ് മാലിക്ക് സാനിയ മിര്‍സയെ വിവാഹം കഴിച്ചത്. ഇന്ത്യയിലും പാകിസ്ഥാനിലും മതാചാര പ്രകാരം വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. 2018ല്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചു. അതിന് ശേഷം ഇരുവരും തമ്മില്‍ അകന്നുകഴിയുകയാണെന്ന് സൂചനകള്‍ പുറത്തു വന്നിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സാനിയ മിര്‍സയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഷൊയ്ബ് നീക്കം ചെയ്തതാണ് ശ്രദ്ധിക്കപ്പെട്ടത്. ‘സാനിയ മിര്‍സ എന്ന സൂപ്പര്‍ വനിതയുടെ ഭര്‍ത്താവ്’ എന്നായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. ഇതോടെയാണ് താരദമ്പതികളുടെ അകല്‍ച്ച സംബന്ധിച്ച് അഭ്യൂഹം ശക്തമായത്. വേര്‍പിരിയലിന്റെ സൂചന നല്‍കുന്ന പോസ്റ്റ് സാനിയയും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സന ജാവേദുമായുള്ള പുനര്‍വിവാഹ ഫോട്ടോകള്‍ ഷൊയ്ബ് പുറത്തുവിട്ടത്.