ടെന്നീസ് താരം സാനിയ മിർസയുടെ സ്വകാര്യ ജീവിതം വീണ്ടും വാർത്തയാകുന്നു. 2022 മുതൽ ഷോയ്ബ് മാലിക്കും സാനിയയും വിവാഹ മോചനത്തിനൊരുങ്ങുകയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ദാമ്പത്യജീവിതത്തിൽ ഏറെ നാളായി ഇരുവരും പ്രശ്‌നങ്ങൾ നേരിടുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്കിടെ മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ആരാധകർക്കിടയിൽ ചർച്ചയായി. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന ഉദ്ധരണിയാണ് സാനിയ പോസ്റ്റ് ചെയ്തത്
2010ലായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ഷോയ്ബ് മാലിക്കുമായി സാനിയയുടെ വിവാഹം. 2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ 20 വർഷം നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളിലും വിവാഹമോചനത്തിന്‍റെ സൂചനകളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ഏറ്റവുമൊടുവിലത്തെ ഇൻസ്റ്റ സ്റ്റോറി.