എടാ മോനേ… ഐപിഎല്ലിലെ പവർ ഹിറ്റിൽ ലോകകപ്പ് ടീമിലിടം നേടി സഞ്ജു; രോഹിത് നയിക്കും, കോലിയും ബാറ്റ് വീശും, രാഹുൽ പുറത്ത്

മുംബൈ: ടി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു വി സാംസൺ ഇതാദ്യമായി ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംനേടി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായാണ് സഞ്ജു ടീമിലിടം പിടിച്ചത്. 2011 ലോകകപ്പ് ടീമിന് ശേഷം ഇതാദ്യമായി ഒരു മലയാളി ഇന്ത്യൻ ലോകകപ്പ് സ്കോഡിൽ ഇടം നേടിയത് ഇപ്പോഴാണ്. ഹിറ്റ് മാൻ രോഹിത് ശർമ്മ തന്നെയാകും ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ നയിക്കുക. മുൻ നായകൻ വിരാട് കോലിയും ഇന്ത്യൻ സംഘത്തിന്‍റെ കിരീട പോരാട്ടത്തിനായി ഇക്കുറിയും ബാറ്റ് വീശും. വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്.സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഐ പി എല്ലിലെ മോശം പ്രകടനമാണ് രാഹുലിന് തിരിച്ചടിയായത്. യശസ്വി ജയ്സ്വാള്‍, ശിവം ദുബെ, സൂര്യകുമാര്‍ യാദവ്,യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവർ ടീമിലെത്തിയപ്പോൾ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവർ പകരക്കാരുടെ പട്ടികയിലായി.ടീം ഇങ്ങനെ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Sanju Samson included indian T20 World Cup squad KL Rahul out rohit will lead

More Stories from this section

family-dental
witywide