ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ കൊത്തിയത് ഇഡി ചൂണ്ടയിലോ?,ഭാഗ്യത്തിന് സിപിഎം രക്ഷപ്പെട്ടു…

ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ വീണ്ടും വാർത്തകളിൽ നിറയുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടിൻ്റെ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടപ്പോൾ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കേരളത്തിന് സുപരിചിതനായ സാൻ്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. 1,368 കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. ഒരു കാലത്ത് കേരളത്തിലെ പത്രങ്ങളിലെ ഒന്നാം പേജ് തലക്കെട്ടായിരുന്നു സാൻ്റിയാഗോ മാർട്ടിൻ. ഇന്ത്യയിലെ ലോട്ടറി വ്യവസായം നിയന്ത്രിക്കുന്നത് തന്നെ മാർട്ടിനാണെന്നാണ് പിന്നാമ്പുറ സംസാരം

മാർട്ടിനും ഫ്യൂച്ചർ ഗെയിമിങ് കമ്പനിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലായിട്ട് കുറച്ചു നാളുകളായി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ഈ കമ്പനിയിൽ പല തവണ കയറിയിറങ്ങിയിട്ടുണ്ട്.

2023 ൽ ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മാർട്ടിന്റെ 910.29 കോടി സ്വത്ത് താൽക്കാലികമായി ജപ്തി ചെയ്തിരുന്നു. അത് ചോദ്യം ചെയ്ത സാന്‍റിയാഗോ മാർട്ടിന്‍റെ അപ്പീലും കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. 2023 ഒക്ടോബറിൽ, ആദായനികുതി വകുപ്പ് ഫ്യൂച്ചർ ഗെയിമിംഗുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. തുടർന്നാണ് 910. 29 കോടി സ്വത്ത് താൽകാലികമായി മരവിപ്പിച്ചത്.

2022 ഏപ്രലിലും ഇഡി പരിശോധന നടത്തി, 400 കോടിയുടെ അനധികൃത സ്വത്ത് മാർട്ടിനുണ്ടെന്ന് കണ്ടെത്തിയതായി അറിയിച്ചിരുന്നു. ഈ കേസുകളെല്ലാം ഉന്നത കോടതിയുടെ പരിഗണനയിലാണ്. ആ സാഹചര്യത്തിലാണ് മാർട്ടിൻ്റെ സംഭാവന കണക്ക് പുറത്തു വരുന്നത് എന്നത് ശ്രദ്ധേയം. തമിഴ്‌നാട്ടിലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി മാർട്ടിൻ്റെ മരുമകൻ ആധവ് അർജുനിൻ്റെ സ്വത്തു വിവരങ്ങൾ ഈ വർഷം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പരിശോധിച്ചിരുന്നു

2014 ൽ നരേന്ദ്ര മോദി ഇലക്ഷനെ നേരിടുന്ന കാലത്ത് തമിഴ് നാട്ടിലെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ട ഒരു വ്യക്തി മാർട്ടിന്റെ ഭാര്യ ലീമ റോസ് മാർട്ടിനായിരുന്നു . ടിആർ പച്ചമുത്തുവിൻ്റെ ഐജെകെ എന്ന രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്നു അന്ന് അവർ . അന്ന് ഐജെകെ ബിജെപിയെ പിന്തുണച്ചിരുന്നു. 2015ൽ മാർട്ടിന്റെ മകൻ ചാൾസ് ജോസ് മാർട്ടിൻ റാം മാധവിൻ്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു.

സിപിഎമ്മിന് സമാധാനിക്കാം

2005 മുതൽ സിക്കിം സർക്കാരിൻ്റെ ലോട്ടറി എന്ന പേരിൽ കേരളത്തിൽ മാർട്ടിൻ തൻ്റെ ലോട്ടറി വിറ്റു. സിക്കിം സർക്കാരിനെ പറ്റിച്ച് 4500 കോടി രൂപ മാർട്ടിൽ സമ്പാദിച്ചെന്ന പേരിൽ സിബിഐ 2011 ൽ കേസെടുത്തിരുന്നു. ഈ സംഭവം കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2014 ൽ സിക്കിം ഓൺലൈൻ ലോട്ടറി കേരളത്തിൽ നിരോധിച്ചു. ഈ കേസിൽ മാർട്ടിൻ ജാമ്യത്തിലാണ് , ഇപ്പോഴും.

മാർട്ടിനു വേണ്ടി കേസ് വാദിക്കാൻ സുപ്രീം കോടതിയിൽ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് വി പോയത് കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചു. കേരളത്തിലെ യുഡിഎഫ് സമ്മർദത്തെ തുടർന്ന് അദ്ദേഹം ആ കേസിൽ നിന്ന് പിന്മാറി. പിണറായിയുടെ അടുപ്പക്കാരനായ എം.കെ ദാമോദരൻ ഇഡിക്ക് എതിരായ കേസിൽ മാർട്ടിന്റെ ലീഗൽ കോൺസലായത് വീണ്ടും കേരളത്തിൽ വിവാദം അഴിച്ചു വിട്ടു.

മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കിയത് സിപിഎം ആണെന്ന വലിയ ആരോപണം കോൺഗ്രസ് ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിക്ക് മാര്‍ട്ടിന്‍ 2 കോടി രൂപ നല്കിയപ്പോള്‍ മാര്‍ട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സജീവ സംപ്രേക്ഷണം നടത്തിയിരുന്നത് പാര്‍ട്ടി ചാനലായ കൈരളിയില്‍ മാത്രമായിരുന്നു എന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. അന്നത് വിവാദമായപ്പോള്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജരായിരുന്ന ഇപി ജയരാജന്റെ സ്ഥാനം തെറിച്ചു എന്നത് യാഥാർഥ്യം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാര്‍ട്ടിനെ കേരളത്തില്‍നിന്നു കെട്ടുകെട്ടിച്ചശേഷവും മാര്‍ട്ടിന്റെ പരസ്യം ദേശാഭിമാനിയില്‍ വന്നു എന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

മാർട്ടിന്റെ ഇലക്ട്രൽ ബോണ്ട് സംഭാവന ഏതൊക്കെ പാർട്ടിക്കാണ് പോയത് എന്നത് ഇലക്ഷൻ കമ്മിഷൻ വെബ്സൈറ്റ് പറയുന്നില്ല. എന്തായാലും സിപിഎം, സിപിഐ പാർട്ടികൾ ബോണ്ടു വഴി സംഭാവന കൈപ്പറ്റിയിട്ടില്ല എന്ന് വ്യക്തമായിരിക്കെ മാർട്ടിനു കുടപിടിക്കുന്നു എന്ന ആരോപണത്തിൽ നിന്ന് സിപിഎമ്മിന് തൽകാലം തടിയൂരാം.

മാർട്ടിനെന്ന ഭാഗ്യവാൻ

കോയമ്പത്തൂർ ആസ്ഥാനമായ ഈ ലോട്ടറി കച്ചവടക്കാരൻ 13 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് തൻ്റെ ലോട്ടറി ബിസിനസ്. ഭാഗ്യ പരീക്ഷണങ്ങളുടെ കച്ചവടത്തിൽ മാർട്ടിന് ഒപ്പമായിരുന്നു എന്നും ഭാഗ്യം. എന്നാൽ ജയലളിത മാത്രം മാർട്ടിനോട് അടുപ്പം കാണിച്ചില്ല. അവരുടെ ഭരണകാലത്താണ് തമിഴ്നാട്ടിൽ ലോട്ടറി നിരോധിച്ചത് .ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2012 ൽ മാർട്ടിൽ ജയിലിൽ ആയി. 7 മാസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി.

ലോട്ടറി ലാഭത്തിൽ നിന്ന് മാർട്ടിൻ കെട്ടിപ്പൊക്കിയത് വലിയ വ്യവസായങ്ങളായിരുന്നു. റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ടെക്സ്റ്റൈൽസ്, ഹോസ്പിറ്റാലിറ്റി , മീഡിയ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമ എന്നിവയിൽ മാർട്ടിൻ വ്യാവസായം വിപുലമാക്കി. മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും അദ്ദേഹം ബിസിനസ്സുകൾ സ്ഥാപിച്ചു.

ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 1991-ലാണ് സ്ഥാപിച്ചത്. ലോട്ടറി നിയമവിധേയമായ 13 സംസ്ഥാനങ്ങളിലായി മാർട്ടിൻ്റെ ജനപ്രിയ ലോട്ടറി വിപണി കണ്ടെത്തുന്നുണ്ട്. മാർട്ടിൻ ലൈബീരിയയുടെ കോൺസൽ ജനറൽ കൂടിയായിരുന്നു, അവിടെ അദ്ദേഹത്തിന് ലോട്ടറി വ്യവസായമുണ്ട്.

Santiago Martin A familiar face in Kerala gives highest Amount of Donation to political parties.

More Stories from this section

family-dental
witywide