ന്യൂഡൽഹി: മൂന്ന് മാലിദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനെത്തുടർന്ന് ആരംഭിച്ചം മാലെയുമായുള്ള തർക്കം രൂക്ഷമായിരിക്കെ, ‘ഗവേഷണ’ കപ്പലെന്ന വ്യാജേന ഒരു ചൈനീസ് ചാരക്കപ്പൽ മാലിദ്വീപിന്റെ തീരമടുക്കുന്നു. കപ്പലിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ എൻഡിടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്തോനേഷ്യൻ ദ്വീപുകളായ ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലൂടെ ചൈനീസ് കപ്പൽ സഞ്ചരിക്കുന്നതായി ചിത്രങ്ങൾ കാണിക്കുന്നു. കപ്പൽ ഫെബ്രുവരി 8 ന് മാലെയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ചൈനയിലെത്തി പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ സംഭവവികാസം. സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ് മാലദ്വീപിലേക്കു പോകാനായി ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കു പ്രവേശിക്കുന്നത്.
ഇന്ത്യ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിനെ തുടർന്ന് 2022 മുതൽ ഇത്തരം കപ്പലുകൾക്ക് സ്വന്തം തുറമുഖങ്ങളിൽ പ്രവേശിക്കാൻ ശ്രീലങ്ക അനുമതി നിഷേധിച്ചിരുന്നു. അനുമതിയില്ലാതെ പ്രവേശിച്ചതിനെ തുടർന്ന് 2019ൽ ഒരു ചൈനീസ് ഗവേഷണ കപ്പലിനെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ(ഇഇസെഡ്)നിന്ന് ഇന്ത്യ പുറത്താക്കിയിരുന്നു.
‘ഇന്ത്യ ഔട്ട്’ ക്യംപെയ്‌നുമായി കഴിഞ്ഞ നവംബറിൽ മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായത്. മാർച്ച് 15നകം മാലിദീപിൽ നിലയുറപ്പിച്ചിരിക്കുന്ന 88 ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലിദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ പരാമർശവും വിവാദമായിരുന്നു. തുടർന്ന് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു.