കോഴിക്കോട്: ശ്രീകുമാരൻ തമ്പി ഉന്നയിച്ച കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളാണുള്ളത്. ഇതിൽ, തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
ബി.കെ. ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ഹരിനാരായണൻ തന്നെയാണ് ബിജിപാലിന്റെ പേര് നിര്‍ദ്ദേശിച്ചത്.
ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു.