ശനിയാഴ്ച പ്രവൃത്തി ദിവസമാക്കില്ല, മുന്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍; സര്‍ക്കുലര്‍ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പത്താം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയുള്ള തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍. 220 അധ്യയന ദിനം തികയ്ക്കാനായിരുന്നു 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ പ്രവൃത്തിദിനം ആക്കിയത്. ഹൈക്കോടതി വിധി പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചത്. അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും പരിഗണിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്.

അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവൃത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അറിയിച്ചു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയുള്ള പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി.

വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവൃത്തി ദിനം.
ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

More Stories from this section

family-dental
witywide