റിയാദ്: സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറിന്റെ ഭാഗമായി യുഎസും സൗദി അറേബ്യയും ചർച്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. കരാറിൻ്റെ സെമി ഫൈനൽ ചർച്ചയാണ് നടന്നതെന്ന് സൗദി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
സൗദി നഗരമായ ദഹ്‌റാനിലാണ് കൂടിക്കാഴ്ച നടന്നതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. കരാർ നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമഘട്ടത്തിലാണെന്നും ഏജൻസി പറയുന്നു. ഫലസ്തീൻ വിഷയവും ചർച്ചയായി. ഗാസയിലെ യുദ്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി സള്ളിവൻ ഞായറാഴ്ച ഇസ്രായേലിലും എത്തിയിരുന്നു.
ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള സാധ്യതകളാണ് ചർച്ചയിൽ ഉയർന്നത്. പ്രതിരോധ ഉടമ്പടിയും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സഹായവുമാണ് സൗദി പ്രതീക്ഷിക്കുന്നത്. പകരമായി ഇസ്രായേലിനെ അംഗീകരിക്കൽ ഉൾപ്പെടെയാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ, ഗാസയിലെ യുദ്ധത്തോടെയാണ് കരാർ വഴിമുട്ടിയത്.
Saudi crown prince, Biden aide discuss ‘semi-final’ security deal