ഡല്‍ഹി: രാജ്യത്തെ കോടതികളിലെ തീര്‍പ്പാക്കാത്ത കേസുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇത് അമേരിക്കന്‍ സുപ്രീം കോടതിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉള്‍പ്പെടെയുള്ള കോടതികളിലെ എല്ലാ കേസുകളും 12 മുതല്‍ 36 വരെയുള്ള മാസത്തിനിടയില്‍ തീര്‍പ്പാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അമേരിക്കയടക്കമുള്ള മറ്റു രാജ്യങ്ങളില്‍ കേസുകളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത് അമേരിക്കന്‍ സുപ്രീംകോടതിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയില്‍ എല്ലാ കേസുകളും 12 മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ആവശ്യം വളരെ നല്ലതാണെങ്കിലും എളുപ്പത്തില്‍ നടപ്പാക്കാന്‍ പറ്റാത്തതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ജഡ്ജിമാരുടെ എണ്ണം കൂട്ടുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
അമേരിക്കന്‍ സുപ്രീംകോടതിയോ, മറ്റ് രാജ്യങ്ങളിലെ കോടതിയോ ഒരു വര്‍ഷം എത്ര കേസുകള്‍ കൈകാര്യം ചെയ്യുന്നുവെന്ന് ഹര്‍ജിക്കാരന് അറിയാമോ? സുപ്രീം കോടതിയിലെ ബെഞ്ചുകള്‍ ഒരു ദിവസം കൈകാര്യം ചെയ്യുന്നതോ തീര്‍പ്പാക്കുന്നതോ ആയ കേസുകളുടെ എണ്ണം പല പാശ്ചാത്യ രാജ്യങ്ങളിലെയും സുപ്രീം കോടതി ഒരു വര്‍ഷത്തില്‍ കൈകാര്യം ചെയ്തതിനേക്കാള്‍ കൂടുതലാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.