അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്വതന്ത്ര അന്വേഷണ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂ ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. സ്വതന്ത്ര അന്വേഷണ ആവശ്യം തള്ളിയ സുപ്രീം കോടതി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

സെബിയുടെ നിയന്ത്രണാധികാരങ്ങളില്‍ ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു. അന്വേഷണം സെബിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും രണ്ട് അന്വേഷണങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കില്‍ സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യ അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മാര്‍ച്ചില്‍ സുപ്രീം കോടതി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോട് (സെബി) നിര്‍ദ്ദേശിച്ചിരുന്നു.

ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും സെബിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതിയില്‍ എത്തിയിരുന്നു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിലയിരുത്തിയത്.

നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കണം. ഇതിനായി കേന്ദ്രവും സെബിയും നടപടി സ്വീകരിക്കണം. സെബി അന്വേഷണത്തെ സംശയിക്കാനാവില്ല. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹര്യങ്ങളില്‍ മാത്രമാണെന്നും അന്വേഷണം കൈമാറേണ്ട അസാധാരണ സാഹചര്യം നിലവില്‍ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണ തെളിവല്ലെന്നു പറഞ്ഞ കോടതി മതിയായ ഗവേഷണം നടത്താതെയാണ് ഹര്‍ജിയെന്നും ആവശ്യമായ തെളിവ് നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിപ്രകാരം അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.

More Stories from this section

family-dental
witywide