ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടെന്ന് സിഎഎ കേസില്‍ സുപ്രീംകോടതി; സിഎഎ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമ്പാണ് രാജ്യത്ത് സിഎഎ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. സിഎഎ നടപ്പാക്കുന്നത് രാജ്യത്ത് ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന തീരുമാനമാണെന്നും അടിയന്തിരമായി സിഎഎ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് എത്തിയ ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.

ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സിഎഎ നടപ്പാക്കുന്നത് സ്റ്റേ ചെയ്തില്ല. എന്നാല്‍ സ്റ്റേ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഏപ്രില്‍ 9ന് കേസ് വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു. കേസില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ചത്തെ സാവകാശം വേണമെന്നും ഇരുനൂറിലധികം ഹര്‍ജികള്‍ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എങ്കില്‍ അതുവരെ സിഎഎ നടപ്പാക്കില്ലെന്ന് കേന്ദ്രം ഉറപ്പുനല്‍കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു. ഇക്കാര്യത്തില്‍ യാതൊരു പ്രസ്താവനക്കും ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്. 

സിഎഎ നടപ്പാക്കുന്ന കാര്യത്തില്‍ പുതുതായി യാതൊന്നും കേന്ദ്ര സര്‍ക്കാര്‍ പറയാത്ത സാഹചര്യത്തില്‍ മൂന്നാഴ്ചത്തെ സമയം മാത്രമെ നല്‍കുന്നുള്ളുവെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഏപ്രില്‍ 9ന് തന്നെ കേസ് പരിഗണിക്കുമെന്നും അറിയിച്ച് ഉത്തരവിറക്കി. ഗുരുതരമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാകുന്നതെന്നും ഇത്തരം ഘട്ടത്തില്‍ കോടതിയില്‍ വരാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞങ്ങള്‍ ഇവിടെ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.

സിഎഎ നടപ്പാക്കുന്നത് സ്റ്റേ ചെയ്തില്ലെങ്കിലും എന്തുകൊണ്ട് നിയമം നടപ്പാക്കാനുള്ള ഉത്തരവ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിടുക്കപ്പെട്ട് ഇറക്കി എന്നതില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കേണ്ടിവരും. തെരഞ്ഞെടുപ്പുകാലത്ത് കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

എന്താണ് സിഎഎ

പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപീഡനത്തെ തുടര്‍ന്ന് 2014ന് മുമ്പ് ഇന്ത്യയില്‍ എത്തിയ മുസ്ളീം ഒഴികെ ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് 2019ല്‍ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. മുസ്ളീം വിഭാഗത്തെ മാത്രം ഒഴിവാക്കിയുള്ള നിയമഭേദഗതി വിവേചനപരമാണെന്നും മതസ്പര്‍ദ്ദ ഉണ്ടാക്കുന്നതാണെന്നുമാണ് സിഎഎയെ എതിര്‍ക്കുന്നവരുടെ വാദം. പ്രതിഷേധങ്ങളെ തുടര്‍ന്ന് 2019ല്‍ സിഎഎ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സിഎഎ നടപ്പാക്കിക്കാണ്ടുള്ള വിജ്ഞാപനം ഇറക്കിയതാണ് ഇപ്പോള്‍ വിവാദം.

SC notice to centre on applications seeking stay on CAA implementation

More Stories from this section

family-dental
witywide