ആലപ്പുഴ: മോഷ്ടാക്കളുടെ ആക്രമണത്തില്‍ ആലപ്പുഴ സ്വദേശിനിക്ക് വാരിയെല്ലിനും കൈക്കും സാരമായ പരുക്ക്. പല്ലിനും പൊട്ടലുണ്ട്.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് മണ്ണഞ്ചേരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് റോഡുമുക്ക് കൈതക്കാപറമ്പില്‍ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്.
ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജങ്ഷനു കിഴക്ക് ആനകുത്തിപ്പാലത്തിനു സമീപത്തുവെച്ച് ബൈക്കില്‍ പിന്നാലെയെത്തിയ മോഷ്ടാക്കള്‍ പ്രസീതയെ തള്ളിയിട്ട് ഏഴുപവന്റെ സ്വര്‍ണമാലയുമായി കടന്നു കളയുകയായിരുന്നു. വാഹനത്തില്‍ നിന്നും വീണപ്പോള്‍ വാരിയെല്ലും കയ്യും ഒടിഞ്ഞാണ് 39 കാരിയായ പ്രസീതക്ക് പരുക്കേറ്റത്. വളവനാട്ടു താമസിക്കുന്ന സഹോദരിയെ കണ്ട് മടങ്ങിവരുമ്പോഴായിരുന്നു ദാരുണമായ സംഭവം.
പ്രസീതയുടെ മാല ലക്ഷ്യമിട്ട് എത്തിയവര്‍ ഹെല്‍മെറ്റും മാസ്‌കും ധരിച്ചിരുന്നു. സംഭവം നടന്നതിന് അരക്കിലോമീറ്റര്‍ അകലെ പൊലീസുണ്ടായിരുന്നെങ്കിലും ഇവര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ വലിയകലവൂര്‍ ബണ്ടുറോഡു വഴി ദേശീയപാതയില്‍ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭ്യമായിട്ടില്ല.