തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പ്രഖ്യാപിച്ച പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസനും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ക്കുമെന്നും പ്രചരണം എങ്ങനെ വേണമെന്ന എ.കെ.ജി സെന്ററിന്റെ സ്റ്റഡി ക്ലാസ് യു.ഡി.എഫിന് വേണ്ടെന്നും പിണറായി വിജയന്‍ പതാക വിവാദം ഉണ്ടാക്കുന്നത് ബി.ജെ.പിയെ സന്തോഷിപ്പിക്കാനെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും കേരളത്തിലെ കോണ്‍ഗ്രസും യു ഡി എഫും ഒരു പോലെ എതിര്‍ക്കും. അത്തരം സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ല. എല്ലാ ജനവിഭാഗങ്ങളും യു ഡി എഫിന് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ സംഘടനകളുടെ കാര്യത്തില്‍ ഇതാണ് ഞങ്ങളുടെ തീരുമാനം. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.ഡി.പി.ഐയുടെ പിന്തുണയും യു ഡി എഫ് കാണുന്നതെന്നും സതീശന്‍ വ്യക്തമാക്കി. എസ് ഡി പി ഐ, യു ഡി എഫിനാണ് പിന്തുണ പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ എല്ലാവരുമായും ആലോചിച്ചാണ് പിന്തുണ വേണ്ടെന്ന തീരുമാനം എടുത്തതെന്നും സതീശന്‍ വ്യക്തമാക്കി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക കൊടുക്കാന്‍ വന്നപ്പോള്‍ നടത്തിയ റോഡ് ഷോയില്‍ പതാകകള്‍ ഒന്നും കണ്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഞങ്ങള്‍ എങ്ങനെ പ്രചരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കണ്ട. പിണറായി വിജയന്‍ എല്‍ ഡി എഫിന്റെ കാര്യം നോക്കിയാല്‍ മതി. ദേശാഭിമാനിയും കൈരളിയുമൊന്നും യു ഡി എഫിന്റെ പ്രചരണം തീരുമാനിക്കേണ്ട. എ കെ ജി സെന്ററില്‍ നിന്നും തീരുമാനിക്കുന്നതല്ല യു ഡി എഫിന്റെ പ്രചാരണ രീതിയെന്നും സതീശന്‍ തുറന്നടിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബി ജെ പിയാണെന്നും ഈ തെരഞ്ഞെടുപ്പില്‍ അതേ വിവാദം ഉണ്ടാക്കുന്നത് പിണറായി വിജയനാണെന്നും ആരോപിച്ച സതീശന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുകയും മറുവശത്ത് ബി ജെ പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനും സന്തോഷിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പരിഹസിച്ചു.
കേരളത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിസന്ധിയിലാകുമ്പോഴൊക്കെ രക്ഷകനായി ഗവര്‍ണര്‍ വരും. അപ്പോള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വിവാദം തെരുവിലെത്തും. സമാധാനകാലമാകുമ്പോള്‍ ക്ലിഫ് ഹൗസില്‍ നിന്നും രാജ്ഭവനിലേക്കും രാജ് ഭവനില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കും മധുര പലഹാരങ്ങളും സമ്മാനങ്ങളുമെത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി മണികുമാറിനെ നിയമിച്ചതിനെയും സതീശന്‍ വിമര്‍ശിച്ചു. ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെ പ്രതിപക്ഷം എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് വിശദമായ കത്ത് നല്‍കിയിരുന്നതാണ്. ഇത്രയും കാലം തീരുമാനം എടുക്കാതെ ഇപ്പോള്‍ നിയമനം നടത്തിയതിലൂടെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ വീണ്ടും ധാരണയില്‍ എത്തിയെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.