
കല്‍പറ്റ: മഹാദുരന്തത്തിന്റെ വേദനയില്‍ നീറുന്ന വയനാട്ടില്‍ തിരച്ചില്‍ തുടരവെ ഇന്നും ശരീര ഭാഗങ്ങള്‍ കണ്ടെത്തി. നിലമ്പൂരിലെ പോത്തുകല്ല് മുണ്ടേരി ഭാഗത്തുനിന്നാണ് രണ്ടു ശരീര ഭാഗങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തിയത്.
ദുരന്തത്തില്‍ ഇതുവരെ 402 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുവരെ ദൗത്യം നടക്കാതിരുന്ന സണ്‍ റൈസ് വാലിയിലും ഇന്ന് തെരച്ചില്‍ നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും സംസ്‌കാരത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ചാലിയാറില്‍ കൂടുതല്‍ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. തിരച്ചിലില്‍ തുടര്‍ നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യുമെന്നും മുഖ്യമന്ത്രി. കൂടാതെ, ഡിഎന്‍എ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.