പരസ്പരം പഴിചാരി അധികൃതര്‍, ജോയിക്കായി തിരച്ചില്‍ രണ്ടാം ദിനത്തിലേക്ക്; നേതൃത്വം നല്‍കി എന്‍ഡിആര്‍എഫ്

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിനത്തിലേക്ക്. ഇന്നത്തെ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത് എന്‍.ഡി.ആര്‍.എഫ് സംഘമാണ്. റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങിയാണ് തിരച്ചില്‍ നടക്കുന്നത്.

ടണലിനുള്ളില്‍ മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ തോട്ടിലെ ടണലിനുള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിരുന്നില്ല. മാലിന്യം മാറ്റാനാണ് റോബോട്ടിക് യന്ത്രം.

അതേസമയം, തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തോട്ടില്‍ വെള്ളത്തിന്റെ അളവ് കുറവാണ്. ഉള്ളത് മുഴുവനും മാലിന്യമാണ്. മാലിന്യം ഉറച്ച് പാറപോലയായ സ്ഥിതിയാണ്. നീന്തിപ്പോകാനോ വെള്ളത്തില്‍ മുങ്ങാനോ ആവാത്ത സ്ഥിതിയാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാണാതായ ജോയിക്ക് വേണ്ടി ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രിയായതോടെ തെരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്‍.ഡി.ആര്‍.എഫ് അറിയിച്ചതോടെയാണ് തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്.

ജോയിയെ കാണാതായ ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗത്തുതന്നെയാണ് ഞായറാഴ്ച തെരച്ചില്‍ ആരംഭിച്ചത്.

റെയില്‍വേയിലെ ചില കരാറുകാരാണ് മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന ജോലിയായിരുന്നു ജോയി ചെയ്തിരുന്നത്.

അതേസമയം, ആമയിഴഞ്ചാന്‍ തോട്ടില്‍ കാലങ്ങളായി മാലിന്യ പ്രശ്നമുണ്ടായിരുന്നു. ഇപ്പോള്‍ ഇതൊരു ദുരന്തത്തിനു വഴിമാറിയതോടെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അധികൃതര്‍.

More Stories from this section

family-dental
witywide