അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ തുടരുന്നു; ലോറിയുടെ ടയർ കിട്ടി, ഒരു ലോറി തലകീഴായി നില്‍ക്കുന്ന രീതിയില്‍ കണ്ടെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാല്‍പെ

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പുരോഗമിക്കുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി നടത്തിയ തിരച്ചിലിൽ ഒരു ലോറിയുടെ ടയര്‍ കണ്ടെത്തി. അര്‍ജുന്റെ ലോറിയുടെ ടയറാണോ ഇതെന്നതിൽ വ്യക്തതയില്ല. മുമ്പ് മാല്‍പെയുടെ തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിയിരുന്നു.

ഗംഗാവലി പുഴയില്‍ 15 അടി താഴ്ചയില്‍ ഒരു ലോറി തലകീഴായി നില്‍ക്കുന്ന രീതിയില്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. മണ്ണിടിച്ചിലില്‍ ഒലിച്ചുപോയ ചായക്കടയുടെ സമീപത്തായുള്ള പ്രദേശത്താണ് ലോറി കണ്ടിരിക്കുന്നത്. ക്യമാറയുമായി വീണ്ടും മാല്‍പെ പുഴയിലേക്കിറങ്ങിയിരിക്കുകയാണ്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഐബോഡ് ഡ്രോണിന്റെ സിഗ്‌നല്‍ ലഭിച്ച ഭാഗത്താണ് തിരച്ചില്‍ നടത്തുന്നത്. മൂന്നുദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജര്‍ കമ്പനിയുടെ എം.ഡി. മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. മുങ്ങല്‍വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനുള്‍പ്പെടെ ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ ദിവസ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.

പരിശോധന സ്ഥലത്തേക്ക് അർജുന്റെ സഹോദരിയുമെത്തിയിട്ടുണ്ട്.  മൂന്നാം ദൗത്യത്തിൽ ലോറിയുടെ ക്യാബിൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി അഞ്ജു അറിയിച്ചു. തങ്ങൾക്കും ഇത് അവസാന പ്രതീക്ഷയാണ്. ഭർത്താവ് ഇവിടെയുണ്ട്.  അർജുൻ അപകടത്തിൽപ്പെട്ട സ്ഥലം കാണാനാണ് ഞാനും എത്തിയത്. ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങൾ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്നും അഞ്ജു അറിയിച്ചു. 

Search for the missing driver Arjun continues in Gangavali river

More Stories from this section

family-dental
witywide