ജീവനു വേണ്ടി പോരാടുകയായിരിക്കുമോ അര്‍ജുന്‍? കാത്തിരിപ്പ് അഞ്ചാം ദിവസത്തിലേക്ക്

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്.

അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും തെരച്ചില്‍ ഇന്ന് രാവിലെ മുതല്‍ പുനഃരാരംഭിക്കുമെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു.

അതേസമയം, വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ബെംഗളുരുവില്‍ നിന്ന് എത്തിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. നേരത്തെ നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ണാടക അധികൃതര്‍ ശക്തമാക്കിയത് കേരളത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന്. വെള്ളിയാഴ്ച രാവിലെ അപകടവാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് ദുരന്തത്തില്‍ മലയാളി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം കര്‍ണാടക അധികൃതര്‍ സ്ഥിരീകരിച്ചത്.

അര്‍ജുന്‍ ലോറിയുമായി യാത്രയാരംഭിക്കുന്നത് ജൂലായ് എട്ടിനാണ്. മലപ്പുറത്തെ കോട്ടക്കലില്‍നിന്ന് കല്ലുമായി മൈസൂരുവിലെ മലവള്ളിയിലേക്കും അവിടെനിന്ന് കുശാല്‍നഗറിലെത്തി കാറ്റാടി മരത്തടി കയറ്റി നേരേ ബെലഗാവിയിലേക്കുമായിരുന്നു യാത്ര. അവിടെ മരത്തടിയിറക്കി ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്നും അക്കേഷ്യ മരത്തടി കയറ്റി മടക്കയാത്ര. ഇത്തരത്തിലായിരുന്നു അര്‍ജുന്റെ യാത്രയുടെ ക്രമീകരണം.

മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് അര്‍ജുനും ലോറിയും കുടുങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ കര്‍ണാടക പൊലീസിനെ അറിയിച്ചിട്ടും തുടക്കത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായിരുന്നില്ല. ലോറി നദിയിലേക്ക് വീണുപോയിട്ടുണ്ടെന്നായിരുന്നു ലഭിച്ച മറുപടി. പിന്നീടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടായതോടെയാണ് തിരച്ചില്‍ കാര്യക്ഷമമായത്.

അര്‍ജുന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഭാര്യ കൃഷ്ണപ്രിയയും അച്ഛന്‍ പ്രേമനും അമ്മ ഷീലയും ബന്ധുക്കളുമെല്ലാം.

കോഴിക്കോട് കിണാശ്ശേരിയിലുള്ള മനാഫിന്റെയും മുനീബിന്റെയും ലോറിയില്‍ എട്ടുവര്‍ഷത്തോളമായി ഡ്രൈവറാണ് അര്‍ജുന്‍. സ്ഥിരമായി തടികയറ്റാനായി ബെലഗാവിയിലേക്ക് പോകുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞാണ് മടങ്ങിവരവ്. അത്യാധുനിക സംവിധാനമുള്ള ലോറിയായതിനാല്‍ ജിപിഎസ് വിവരങ്ങള്‍ അടക്കം ട്രാക്കു ചെയ്യാനായതാണ് രക്ഷാ പ്രവര്‍ത്തനത്തിന് വഴിത്തിരിവായത്.

More Stories from this section

family-dental
witywide