ഫണ്ട് തിരിമറിയിൽ അനിൽ അംബാനിയെ പൂട്ടി സെബി, ഓഹരി വിപണിയിൽ 5 വർഷം വിലക്കും 25 കോടി പിഴയും; കൂപ്പുകുത്തി ഓഹരികൾ

പ്രമുഖ വ്യവസായി അനില്‍ അംബാനിക്ക് സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വക കനത്ത പ്രഹരം. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഹോം ഫിനാൻസ് കമ്പനിയിലെ ഫണ്ട് തിരിമറി കണ്ടെത്തിയതിനെ തുടർന്ന് സെബി കടുത്ത നടപടി സ്വീകരിച്ചു. അനിൽ അംബാനി ഗ്രൂപ്പിന് അഞ്ച് വർഷത്തേക്ക് ഇന്ത്യൻ സെക്യൂരിറ്റീസ് മാർക്കറ്റിൽ ഇടപെടുന്നതിന് സെബി വിലക്കേർപ്പെടുത്തി. കൂടാതെ 25 കോടി രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ (ആർഎച്ച്എഫ്എൽ) തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്‍ക്കും എതിരെയും നടപടിയുണ്ട്.

സെബി നടപടിയുടെ പശ്ചാത്തലത്തിൽ, വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ അനിൽ അംബാനിക്കു കഴിയില്ല. റിലയന്‍സ് ഹോം ഫിനാന്‍സിന് 6 മാസത്തെ വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തി. ‌റിലയന്‍സ് ഹോം ഫിനാന്‍സിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തെന്നാണു സെബിയുടെ കണ്ടെത്തൽ. ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.

റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ൻ‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയിൽ ആർഎച്ച്എഫ്എൽ, അനിൽ അംബാനി, അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം സെബി നടപടിക്ക് പിന്നാലെ അനിൽ അംബാനി ഓഹരികൾ കൂപ്പുകുത്തി. 14% ലേറെയാണ് ഓഹരികൾ ഇടിഞ്ഞത്. വെള്ളിയാഴ്ച്ച ഉച്ചയോടെ റിലയൻസ് പവർ ഓഹരികൾ 5.00% ഇടിഞ്ഞ് 34.48 രൂപ എന്ന ലോവർ സർക്യൂട്ട് നിലവാരത്തിലെത്തി. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ 15% വരെ ഇടിവ് നേരിട്ടെങ്കിലും, പിന്നീട് നഷ്ടം 10% എന്ന തോതിലേക്ക് താഴ്ന്നു.

More Stories from this section

family-dental
witywide