ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനം ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപഴ്സന്‍ മാധബി ബുച്ച്. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നും മാധബി ബുച്ച് പ്രതികരിച്ചു. ഇന്നലെയാണ് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്.
‘‘ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നു,’’മാധബി ബുച്ച് വ്യക്തമാക്കി. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തയാറാണെന്നും സുതാര്യതയ്ക്കായി വിശദമായ പ്രസ്താവന പുറത്തുവിടുമെന്നും അവർ കൂട്ടിച്ചേർത്തു.
മാധബിക്കും ഭർത്താവ് ധവാൽ ബുച്ചിനും അദാനിയുടെ വിദേശത്തെ കടലാസ് (ഷെൽ കമ്പനി) കമ്പനിയിൽ നിക്ഷേപ പങ്കാളിത്തമുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്. ഇതാണ് നേരത്തെ പുറത്തുവിട്ട റിപ്പോർട്ടിന്മേൽ അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.
കഴിഞ്ഞ ജനുവരിയിൽ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ടിന്റെ പ്രത്യാഘാതം ഗുരുതരമായിരുന്നു. അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വൻതോതിൽ മൂല്യത്തകർച്ച നേരിട്ടു, വിപണി മൂലധനം ഏകദേശം 86 ബില്യൺ ഡോളർ കുറഞ്ഞു. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ അവകാശവാദം. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 46,000 കോടി രൂപയുടെ ഇടിവാണ് അദാനി നേരിട്ടത്.