അദാനിക്കെതിരായ യുഎസ് കേസ്: അന്വേഷണ വിവരം 2023 മാർച്ചിൽ പുറത്തുവന്നു, സെബി മനപൂർവം അനങ്ങുന്നില്ല

മുംബൈ: അദാനി ഗ്രീൻ എനർജിക്കും അസുർ പവർ ഗ്ലോബലിനുമെതിരെ യുഎസിൽ എഫ്ബിഐയും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്.ഇ.സി.) അന്വേഷണം നടത്തുന്ന വിവരം 2023 മാർച്ചിൽത്തന്നെ പുറത്തുവന്നിരുന്നതായി മാധ്യമ പ്രവർത്തകയായ സുചേത ദലാൾ.

ബ്ലൂംബെർഗാണ് അന്ന് വാർത്ത നൽകിയത്. ഇക്കണോമിക് ടൈംസ് അത് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു. എന്നാൽ ഈ വാർത്ത അദാനി ഗ്രൂപ്പ് നിഷേധിച്ചു. കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

18 മാസമായി അന്വേഷണം നടക്കുന്നു. റിപ്പോർട്ട് നേരത്തേതന്നെ പുറത്തുവന്നു. സാഗർ അദാനിയെ എഫ്ബിഐ ചോദ്യംചെയ്തു. ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. എന്നിട്ടും ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് അദാനി ഗ്രൂപ്പ് മറച്ചുവെച്ചു. അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് ഊഹാപോഹമാണെന്ന കമ്പനിയുടെ വിശദീകരണം എല്ലാവരും വിശ്വസിക്കുകയായിരുന്നു. അദാനി ഗ്രൂപ്പ് ഓരോ നിക്ഷേപകരെയും ഇക്കാര്യം നേരിട്ട് അറിയിച്ചെന്നാണ് രേഖകൾ പറയുന്നത്.

എന്നാൽ, ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അദാനിയുടെ വിശദീകരണത്തെ മുഖവിലയ്ക്കെടുത്ത് വിശ്വസിച്ചിരിക്കേണ്ടവരല്ല. അവർക്ക് ഇതേക്കുറിച്ച് എസ്.ഇ.സി.യോട് നേരിട്ട് അന്വേഷിക്കാമായിരുന്നുവെന്ന് സുചേത ദലാൾ പറയുന്നു.

വിവരങ്ങൾ രഹസ്യമാണെന്നു പറയുന്നതിലും കാര്യമില്ല. കോർ കമ്മിറ്റി ഓഫ് ഇന്റർനാഷണൽ ഓർഗനൈസേഷൻസ് സെക്യൂരിറ്റീസ് കമ്മിഷൻസിന്റെ ഭാഗമാണ് സെബി. മാത്രമല്ല, വിവരങ്ങൾ പങ്കുവെക്കാൻ സെബിയും യുഎസിൻ്റെ എസ്.ഇ.സി.യും തമ്മിൽ ഉഭയകക്ഷി ധാരണയുള്ളതുമാണ്. അതുകൊണ്ടുതന്നെ വിവരങ്ങൾ ചോദിച്ചാൽ എസ്.ഇ.സി.യിൽനിന്ന് ലഭിക്കുമായിരുന്നു. അതിനർഥം സെബി അവരുമായി ബന്ധപ്പെട്ടില്ലെന്നുതന്നെയാണ്.

അന്വേഷണം നടക്കുന്നില്ലെന്ന് എഫ്.ബി.ഐ.യോ എസ്.ഇ.സി.യോ എങ്ങും പറഞ്ഞിരുന്നില്ല. വിവരമറിഞ്ഞിട്ടും സെബി നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യം ശക്തമാണ്. സെബി യുഎസ് നീതിന്യായവകുപ്പുമായും എസ്ഇസിയുമായോ ബന്ധപ്പെടാതിരുന്നത്‌ എന്താണെന്നതും സംശയം വർധിപ്പിക്കുന്നു. സാഗറിനെ ചോദ്യംചെയ്തത് അദാനി ഗ്രൂപ്പ് ഓഹരിവിപണിയെയോ സെബിയെയോ അറിയിച്ചില്ല. അത് നിയമപ്രകാരം വേണ്ടതാണ്. ഇതും ഗുരുതരവീഴ്ചയാണ് സുചേത പറയുന്നു.

SEBI Deliberately keeping Quiet on US Investigation about Adani Fraud

More Stories from this section

family-dental
witywide