കുരുക്ക് മുറുകുന്നു, കൈക്കൂലി കേസിൽ അദാനിക്കും അനന്തരവനും സമൻസ് അയച്ച് യുഎസ് മാർക്കറ്റ് റെഗുലേറ്റർ

വാഷിംങ്ടൺ: സോളാർ വൈദ്യുത കരാറുകൾക്കായി 2,200 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ അദാനി ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും സമൻസ് അയച്ച് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി). 21 ദിവസത്തിനകം എസ്.ഇ.സിക്ക് മറുപടി നൽകാനാണ് കത്തിൽ പറയുന്നത്.

അദാനിയുടെ അഹമ്മദാബാദിലെ ‘ശാന്തിവൻ’ ഫാം വസതിയിലേക്കും സഹോദരപുത്രൻ സാഗറി​​ന്‍റെ അതേ നഗരത്തിലെ വസതിയിലേക്കും ആണ് സമൻസ് അയച്ചത്. സമൻസ് ലഭിച്ച് 21 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും നവംബർ 21ന് ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി വഴി അയച്ച നോട്ടീസിൽ പറയുന്നു. പ്രതികരിച്ചില്ലെങ്കിൽ ഉപേക്ഷ കാണിച്ചതായി വിധി പുറപ്പെടുവിക്കും.

ഗൗതം അദാനിയും അദാനി ഗ്രീൻ എനർജി ലിമിറ്റഡി​ന്‍റെ ഡയറക്ടറായ അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പ്രതികളും ലാഭകരമായ സൗരോർജ്ജ വിതരണ കരാറുകൾ 20 വർഷത്തിലധികം കാലത്തേക്ക് 200 കോടി ഡോളർ ലാഭം പ്രതീക്ഷിക്കുന്ന വ്യവസ്ഥകളിൽ നേടാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ യു.എസ് ഡോളർ കൈക്കൂലി നൽകാൻ സമ്മതിച്ചതായി ബുധനാഴ്ച ന്യൂയോർക്ക് കോടതിയിൽ മുദ്രവെച്ച കുറ്റപത്രത്തിൽ പറയുന്നു.

sec send summons to Goutam adani and nephew