
മാസച്യുസിറ്റ്‌സ്: മാസച്യുസിറ്റ്‌സിലെ സലൂണിൽ ശുചിമുറി ഉപയോഗിക്കുന്നതായി സീക്രട്ട് സർവീസ് ഏജന്‍റുമാർ അതിക്രമിച്ച് കയറിയ സംഭവം വിവാദമായി. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിന്റെ ധനസമാഹരണ പരിപാടിയുടെ സുരക്ഷ ഒരുക്കുന്നതിന് എത്തിയ സീക്രട്ട് സർവീസ് ഏജന്‍റുമാർക്കെതിരെ പരാതിയുമായി സലൂൺ ഉടമ രംഗത്തെത്തി.
ജൂലൈ 27-ന്, പിറ്റ്‌സ്‌ഫീൽഡിലെ ഫോർ വൺ ത്രീ സലൂണിലാണ് പരാതിക്കാസ്പ്ദമായ സംഭവം നടന്നത്. കമല ഹാരിസിന്റെ ധനസമാഹരണ പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതിനാണ് ഏജന്‍റുമാർ സ്ഥലത്തെത്തിയത്.
ലഭ്യമായ ദൃശ്യങ്ങളിൽ ഒരു സീക്രട്ട് സർവീസ് ഏജന്‍റ് ക്യാമറയിൽ ടേപ്പ് ഒട്ടിക്കുന്നതും പിന്നീട് നാല് വ്യക്തികൾ അനുമതിയില്ലാതെ സലൂണിലേക്ക് പ്രവേശിക്കുന്നതും കാണാൻ സാധിക്കും. ഈ സമയം സലൂണിലെ സുരക്ഷാ അലാറം മുഴങ്ങിയിരുന്നു.
‘‘സുരക്ഷാ നടപടികളുടെ ഭാഗമായി സീക്രെട് സർവീസ് ഏജന്‍റുമാർ മുൻകൂറായി നിർദേശിച്ച പ്രകാരമാണ് അന്നേ ദിവസം കട അടച്ചത്. സംഭവ ദിവസം, എമർജൻസി മെഡിക്കൽ സർവീസ് ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും അനുവാദമില്ലാതെ ബാത്ത്റൂം ഉപയോഗിക്കാനായി സലൂണിൽ പ്രവേശിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം നിരവധി ആളുകൾ കെട്ടിടത്തിന് അകത്തും പുറത്തും ഉണ്ടായിരുന്നു. സുരക്ഷാ അലാറം ഇവർ ഓഫാക്കി. ഇവർ തിരികെ പോയപ്പോഴും കെട്ടിടം പൂട്ടിയില്ല. ക്യാമറയിൽ നിന്ന് ടേപ്പും മാറ്റിയിട്ടില്ലായിരുന്നു ’’ അലീസിയ പവർസ് വ്യക്തമാക്കി. കെട്ടിട ഉടമ ബ്രയാൻ സ്മിത്തും സീക്രെട് സർവീസ് ഏജന്‍റുമാർക്ക് കെട്ടിടത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിൽ തെറ്റ് പറ്റിയെന്ന് സ്ഥീകരിച്ച ഏജൻസി അലീസിയ പവർസിനോട് മാപ്പ് പറഞ്ഞു.