വാഷിംഗ്ടണ്‍ : ജൂലൈ 13 ന് പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍വെച്ച് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സമ്മതിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് യുഎസ് സീക്രട്ട് സര്‍വീസ് വിഭാഗം.
”ജൂലൈ 13ലെ ദാരുണമായ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സീക്രട്ട് സര്‍വീസ് ഏറ്റെടുക്കുന്നു. ഇതൊരു ദൗത്യ പരാജയമായിരുന്നു. ഞങ്ങളുടെ സംരക്ഷണം ലഭിക്കുന്നവര്‍ ഒരിക്കലും അപകടത്തിലാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഏജന്‍സിയുടെ ഏക ഉത്തരവാദിത്തം. ബട്ലറില്‍ ഞങ്ങള്‍ക്ക് പിഴച്ചു. ഈ പരാജയം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കുകയാണ്,” യുഎസ് സീക്രട്ട് സര്‍വീസിന്റെ ആക്ടിംഗ് ഡയറക്ടര്‍ റൊണാള്‍ഡ് റോവ് സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബട്ലറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് 78 കാരനായ ട്രംപിന് നേരെ 20കാരന്‍ വെടിയുതിര്‍ത്തത്. വധശ്രമത്തില്‍ നിന്നും രക്ഷപെട്ട ട്രംപിന്റെ വലതു ചെവിയില്‍ ബുള്ളറ്റ് പതിച്ച് മുറിവേറ്റിരുന്നു.
പ്രസിഡന്റിനെയും മുന്‍ പ്രസിഡന്റുമാരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുക എന്നതാണ് സീക്രട്ട് സര്‍വീസിന്റെ പ്രധാന ജോലി. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കും സീക്രട്ട് സര്‍വീസിന്റെ സംരക്ഷണം ലഭിക്കും.